എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുനാവായ (മലപ്പുറം): എയ്ഡഡ് സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെ സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ് കത്തിലൂടെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. എയ്‌ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത സർക്കാർ സ്കൂളിലെ അധ്യാപകേതര ജീവനക്കാർക്കുള്ള യോഗ്യത തന്നെയായിരിക്കണം. അതിനാൽ എയ്ഡഡ് സ്കൂൾ അധ്യാപകേതര ജീവനക്കാരുടെ യോഗ്യതയിൽ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ഭേദഗതി വരുത്തുകയോ യോഗ്യത മാറ്റുകയോ ചെയ്യേണ്ടതില്ലെന്നാണ് പൊതുവിദ്യാഭാസ വകുപ്പ് നിർദേശം.
എന്നാൽ, അധ്യാപകേതര ജീവനക്കാർക്ക് അധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള വ്യവസ്ഥ വിദ്യാഭ്യാസ ചട്ടം നിഷ്കർഷിക്കുന്നതിനാൽ, 2016 ജൂൺ നാലിനു മുമ്പ് നിയമനം ലഭിച്ച ബിരുദ യോഗ്യതയുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ബിരുദ യോഗ്യതയില്ലാത്തവർ ഈ തീയതിക്ക് ശേഷം നിയമനം നേടിയ ശേഷം ബിരുദം നേടിയാൽ സ്ഥാനക്കയറ്റത്തിനായി ഇവർക്ക് ഇളവ് നൽകാവുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് നിയമനാധികാരികൾക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
2016 ലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് അനുസൃതമായി നിരസിക്കപ്പെട്ടതോ അംഗീകാരം ലഭിക്കാതെ തുടരുന്നതോ നിലവിൽ അപ്പീൽ, റിവിഷൻ അപ്പീൽ നിലനിൽക്കുന്നതോ ആയ എല്ലാ കേസുകളും സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി അപ്പലറ്റ് ഉത്തരവ് കൂടാതെ തന്നെ പുനഃപരിശോധിച്ച് അംഗീകരിച്ചു നൽകുവാൻ എല്ലാ വിദ്യാഭ്യാസ അധികാരികൾക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ചില എയ്ഡഡ് സ്കൂളുകളിൽ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ജീവനക്കാരും മാനേജ്മെൻ്റും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ 14 ന് വിദ്യാഭാസ വകുപ്പ് നിയമനാധികാരികൾക്ക് കത്തിലൂടെ നിർദേശം നൽകിയത്. ഇത് സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ജീവനക്കാർക്ക് ആശ്വാസമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."