'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി
പാരിസ്: ഹിജാബ് ധരിക്കുന്ന കായിക താരങ്ങളെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞ ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച വിദഗ്ധസമിതി. ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. കായിക മത്സരങ്ങളില്‍ ഹിജാബിനേര്‍പ്പെടുത്തിയ വിലക്ക് എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഫ്രാന്‍സിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
'ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സാംസ്‌കാരികവും കായികവുമായ ജീവിതത്തില്‍ പങ്കെടുക്കാനും അവര്‍ ഭാഗമായ ഫ്രഞ്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും പങ്കെടുക്കാനും തുല്യ അവകാശം ഉണ്ടായിരിക്കണം,' എട്ട് സ്വതന്ത്ര യുഎന്‍ വിദഗ്ധര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. ഒരു വ്യക്തിക്ക് അയാളുടെ മതം, സ്വത്വം, വിശ്വാസം എന്നിവ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്ന് വിദഗ്ധ സമിതി പറഞ്ഞു.
പാരീസ് ഒളിമ്പിക്സിനിടെ ഫ്രാന്‍സ് തങ്ങളുടെ കായികതാരങ്ങള്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."