വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍
വാളിനേക്കാള്‍ മൂര്‍ച്ച വാക്കിനുണ്ടെന്നത് കാലം നിരന്തരം കാട്ടിത്തരുന്ന സത്യമാണ്. വാക്കിന്റെ വാള്‍ത്തലകൊണ്ട് പലതവണ നമ്മില്‍ പലര്‍ക്കും മുറിവേറ്റിട്ടുണ്ടാകും. പലരെയും നമ്മളും മുറിപ്പെടുത്തിയിട്ടുണ്ടാകും. അങ്ങനെ വാ വിട്ട വാക്കിനാല്‍ ആഴത്തില്‍ മുറിവേറ്റ് സത്യസന്ധനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജീവിതമവസാനിപ്പിച്ചിട്ട് ഇന്നേക്ക് 15 ദിവസമാകുന്നു. കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെ മരണത്തിലേക്ക് പറഞ്ഞുവിട്ട വിഷംതീണ്ടിയ വാക്കുകള്‍ പൊട്ടിയൊലിച്ചതാകട്ടെ സി.പി.എം യുവനേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യയില്‍ നിന്നും. നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ടതിനു പിന്നാലെ പി.പി ദിവ്യ ഒളിവില്‍പോവുകയായിരുന്നു. ഇന്നലെ തലശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ നാടകീയമായി അന്വേഷണസംഘത്തിനുമുന്നില്‍ കീഴടങ്ങിയ ദിവ്യയെ 14 ദിവസംറിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലില്‍ അടച്ചിരിക്കുകയാണ്. രാഷ്ട്രീയക്കൊലയെന്നു തന്നെ വിളിക്കാവുന്ന നവീന്‍ബാബുവിന്റെ അകാലചരമത്തിന് 15 നാള്‍ തികയുമ്പോള്‍ ആ മരണവും കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കരുത്തയായി വളരുകയായിരുന്ന പി.പി ദിവ്യയുടെ നിലിയില്ലാക്കയത്തിലേക്കുള്ള പതനവും അഴിക്കുള്ളിലെ ജീവിതവും രാഷ്ട്രീയഭാവിയും എന്തായിരിക്കും എന്ന് ഒന്നന്വേഷിക്കാം.
യാത്രയയച്ചത് മരണത്തിലേക്ക്
പത്തനംതിട്ടയിലേക്ക് സ്ഥലം മാറിപ്പോകുന്ന എ.ഡി.എം കെ.നവീന്‍ ബാബുവിന് കലക്ടറേറ്റിലെ റവന്യു സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് ആയിരുന്നു. അന്നുവൈകിട്ട് 3.30ന് ആരംഭിച്ച ചടങ്ങിലേക്ക് നാലുമണിയോടെ ജില്ലാപഞ്ചായത്ത് പ്രസിഡന്റുകൂടിയായ പി.പി ദിവ്യ ക്ഷണിക്കാതെയെത്തി നവീന്‍ബാബുവിനെ അധിക്ഷേപിച്ചു സംസാരിക്കുന്നു. എ.ഡി.എമ്മിനെതിരേ കുറേ കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്നും രണ്ടുദിവസത്തിനകം അക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നുമുള്ള ഭീഷണിയുമായി ദിവ്യ വേദി വിടുന്നു. കലക്ടര്‍ അരുണ്‍ കെ.വിജയന്‍ വേദിയിലുണ്ടായിരുന്നെങ്കിലും ദിവ്യയെ വിലക്കാനോ നവീന്‍ബാബുവിനെ സമാശ്വസിപ്പിക്കാനോ അദ്ദേഹം ശ്രമിച്ചില്ല. അതുവരെ ആഹ്ലാദഭരിതമായിരുന്ന ചടങ്ങിന്റെ വെളിച്ചം കെടുത്തിയായിരുന്നു ദിവ്യയുടെ ഇറങ്ങിപ്പോക്ക്. 4.15ന് സമാപിച്ച യാത്രയയപ്പ് യോഗത്തില്‍നിന്ന് അത്രമേല്‍ അപമാനിതനും ദുഃഖിതനുമായാണ് നവീന്‍ബാബു പുറത്തിറങ്ങിയത്. സഹപ്രവര്‍ത്തകര്‍ സ്‌നേഹാദരങ്ങളോടെ നല്‍കിയ മെമന്റോ പോലും ഓഫിസില്‍ ഉപേക്ഷിച്ച് വൈകിട്ട് ആറുമണിയോടെ ഔദ്യോഗിക കാറില്‍ അദ്ദേഹം മുനീശ്വരന്‍ കോവിലിനു മുന്നിലിറങ്ങി. രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിലായിരുന്നു നവീന്‍ ബാബുവിന് ചെങ്ങന്നൂരിലേക്കു പോകേണ്ടിയിരുന്നത്. എന്നാല്‍ ആ ട്രെയിനില്‍ അദ്ദേഹം കയറിയില്ല. മുനീശ്വരന്‍കോവിലിനു മുന്നില്‍നിന്ന് എ.ഡി.എം എങ്ങോട്ടുപോയെന്നതു സംബന്ധിച്ചും പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ എപ്പോഴെത്തിയതെന്നതു സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ അവ്യക്തം.
15ന് അതിരാവിലെ 5.17ന് ചെങ്ങന്നൂരില്‍ നവീന്‍ബാബു ഇറങ്ങിയില്ലെന്നറിഞ്ഞ ബന്ധു എ.ഡി.എമ്മിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ വിവരമറിയിച്ചു. ഡ്രൈവര്‍ എം.ഷംസുദ്ദീന്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ രാവിലെ ഏഴിന് അന്വേഷിച്ചെത്തിയപ്പോള്‍ എ.ഡി.എമ്മിനെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നു. ഷംസുദ്ദീന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തി വീട് സീല്‍ ചെയ്തു. സ്ഥലത്തെത്തിയ രാഷ്ട്രീയ നേതാക്കളെയും എ.ഡി.എമ്മിന്റെ സഹപ്രവര്‍ത്തകരെയും പൊലിസ് ഗേറ്റിനു പുറത്തുനിര്‍ത്തിയത് തര്‍ക്കത്തിനിടയാക്കി. ഇന്‍ക്വസ്റ്റിനു ശേഷം 11.15ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡ്രൈവറുടെ പരാതിയില്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നവീന്‍ബാബു കൈക്കൂലി ആവശ്യപ്പെട്ടതായി സംരംഭകന്‍ ടി.വി പ്രശാന്ത് മുഖ്യമന്ത്രിക്കു പരാതി നല്‍കിയെന്നു വെളിപ്പെടുത്തുന്നു.
കലക്ടറേറ്റിലും പരിസരത്തും വന്‍ പ്രതിഷേധം. ജീവനക്കാര്‍ കലക്ടറേറ്റിനകത്തും രാഷ്ട്രീയക്കാര്‍ പുറത്തും പ്രതിഷേധിച്ചു. ദിവ്യയ്‌ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ബാബു ടൗണ്‍ പൊലിസില്‍ രാത്രി പതിനൊന്നോടെ പരാതി നല്‍കുന്നു.
ഒക്ടോബര്‍ 16 ബുധനാഴ്ച പുലര്‍ച്ചെ 12.40ന് നവീന്‍ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തിന്റെ നാടായ പത്തനംതിട്ട മലയാലപ്പുഴയിലേക്കു കൊണ്ടുപോയി. മരണം സംബന്ധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ റവന്യുമന്ത്രി കെ. രാജന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ദിവ്യയെ വിമര്‍ശിച്ചും നവീന്‍ബാബു നല്ല ഉദ്യോഗസ്ഥാനാണെന്നു പറഞ്ഞും മന്ത്രി കെ.രാജന്‍ രംഗത്തെത്തുന്നു.
ദിവ്യ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ നടത്തി. സംസ്ഥാനത്ത് വില്ലേജ് ഓഫിസര്‍മാര്‍ കൂട്ടഅവധിയെടുത്തു. പ്രവീണ്‍ ബാബുവിന്റെ പരാതി ലഭിച്ചിട്ടും പൊലിസ് ദിവ്യയ്‌ക്കെതിരേ കേസെടുക്കാത്തതില്‍ വന്‍ പ്രതിഷേധം. ദിവ്യയ്‌ക്കെതിരേ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി രംഗത്തെത്തിയപ്പോള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചേര്‍ത്തുപിടിക്കാന്‍ ശ്രമിച്ചു.
ഒക്ടോബര്‍ 17ന് നവീന്‍ബാബുവിന്റെ മൃതദേഹം പത്തനംതിട്ട കലക്ടറേറ്റിലെ പൊതുദര്‍ശനത്തിനു ശേഷം 11.35ന് മലയാലപ്പുഴയിലെ കാരുവള്ളില്‍ വീട്ടിലെത്തിച്ചു. 3.45ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഇളയമകള്‍ നിരുപമ ചിതയ്ക്കു തീകൊളുത്തി. പി.പി ദിവ്യയ്‌ക്കെതിരേ നടപടിയുണ്ടാകാത്തതില്‍ കണ്ണൂരില്‍ വിവിധ സംഘടനകളുടെ സമരം ശക്തം. സര്‍വിസ് സംഘടനകളും സമരത്തിലായിരുന്നു. പ്രതിഷേധം കടുത്തതോടെ ദിവ്യയ്‌ക്കെതിരേ ഭാരതീയ ന്യായ സംഹിത 108ാം വകുപ്പുപ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. സി.പി.എം നിര്‍ദേശപ്രകാരം രാത്രി 10.10ന് പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പുതിയ ജില്ലാ പ്രസിഡന്റായി കെ.കെ രത്‌നകുമാരിയെയും പാര്‍ട്ടി നിശ്ചയിച്ചു.
ഒക്ടോബര്‍ 18 വെള്ളിയാഴ്ച പി.പി ദിവ്യ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നു. കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ക്ഷണിച്ചതനുസരിച്ചാണ് താന്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് ദിവ്യ ഹരജിയില്‍ പറഞ്ഞു. കലക്ടറുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പിന്നാലെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആവശ്യപ്പെടുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യ, പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കം എന്നിവ സംബന്ധിച്ച അന്വേഷണത്തില്‍ നിന്ന് അരുണ്‍ കെ.വിജയനെ മാറ്റി ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നു.
എ.ഡി.എമ്മിന്റെ മരണകാരണം സംബന്ധിച്ച് ടൗണ്‍ സ്റ്റേഷന്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് തുടര്‍ന്നുവെങ്കിലും ദിവ്യയെ അറസ്റ്റുചെയ്യുന്നതില്‍ മെല്ലെപ്പോക്ക് മാത്രം. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തവരില്‍ നിന്നും എഡിഎമ്മിനെതിരേ പരാതി നല്‍കിയ ടി.വി പ്രശാന്തില്‍ നിന്നും മൊഴിയെടുത്തെങ്കിലും അന്വേഷണം ദിവ്യയിലേക്കെത്തിയില്ലെന്നു മാത്രം.
ഒക്ടോബര്‍ 19 ശനിയാഴ്ച നവീന്‍ ബാബുവിന്റെ മരണശേഷം കലക്ടര്‍ അരുണ്‍ കെ.വിജയന്‍ ആദ്യമായി ഓഫിസിലെത്തുന്നു. അന്നും കലക്ടര്‍ക്കെതിരേ ജാവനക്കാര്‍ പ്രതിഷേധിക്കുന്നു. യാത്രയയപ്പ് ചടങ്ങിലേക്ക് താന്‍ ദിവ്യയെ ക്ഷണിച്ചില്ലെന്ന് കലക്ടര്‍ മാധ്യമങ്ങളോടു പറയുന്നു. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീത കലക്ടറില്‍ നിന്നും ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കുന്നു. രാത്രി കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ സന്ദര്‍ശിക്കുന്നു.
ഒക്ടോബര്‍ 20 ഞായര്‍
നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് ആറുദിവസം കഴിഞ്ഞിട്ടും ദിവ്യ എവിടെയെന്ന് അവ്യക്തം. അറസ്റ്റിന് മുതിരാതെ പൊലിസ് അഴകൊഴമ്പന്‍ ന്യായങ്ങളില്‍ അഭയം തേടുന്നു. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു കുടുംബത്തെ അപമാനിക്കുന്നുവെന്ന പി.പി ദിവ്യയുടെ ഭര്‍ത്താവ് വി.പി അജിത്തിന്റെ പരാതിയില്‍ കണ്ണപുരം പൊലിസ് കേസെടുത്ത പൊലിസ് അജിത്തിനോട് ദിവ്യയെപ്പറ്റി ഒരക്ഷരം ചോദിച്ചില്ല. അന്ന് വൈകിട്ട് മൂന്നിന് നടക്കേണ്ട പിണറായി എ.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാതെ കലക്ടര്‍ മാറിനില്‍ക്കുന്നു. മുഖ്യമന്ത്രി ഉദ്ഘാടകനായിട്ടും വേദിയിലെത്താന്‍ കലക്ടര്‍ക്കു മനസ് വന്നില്ല.
ഒക്ടോബര്‍ 21 തിങ്കള്‍
പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലുള്ള വാദം 24ന് കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായ പാര്‍ട്ടി അഭിഭാഷകന്‍ അഡ്വ. കെ. വിശ്വനായിരുന്നു ദിവ്യക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ ഭാര്യ പത്തനംതിട്ട താഴംകരുവള്ളില്‍ വീട്ടില്‍ മഞ്ജുഷ കേസില്‍ കക്ഷിചേര്‍ന്നു. അഡ്വ. പി.എം സജിതയാണ് പത്തനംതിട്ട തഹസില്‍ദാര്‍കൂടിയായ മഞ്ജുഷയ്ക്ക് വേണ്ടി കക്ഷിചേര്‍ന്നത്.
ഒക്ടോബര്‍ 22 ചൊവ്വ
നവീന്‍ ബാബുവിന്റെ മരണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി. പി.പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന മൊഴിഇവിടെയും ആവര്‍ത്തിക്കുന്നു. മരണവുമായി ബന്ധപ്പെട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിച്ചു. പുലര്‍ച്ചെ 4.30നും 5.30നുമിടയിലായിരുന്നു മരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിനിടെ അന്വേഷണസംഘത്തിനെതിരേ കടുത്ത ആരോപണവുമായി നവീനിന്റെ കുടുംബവും രംഗത്തുവന്നു.
ഒക്ടോബര്‍ 23 ബുധന്‍
എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സംഘം പ്രശാന്തിന്റെ മൊഴിയെടുത്തു. നവീന്‍ ബാബുവിന്റെ ആത്മഹത്യയോടെ വിവാദമായ പെട്രോള്‍ പമ്പിന്റെ അപേക്ഷകനായ പരിയാരം മെഡിക്കല്‍ കോളജിലെ ജീവനക്കാരനാണ് ടി.വി. പ്രശാന്ത്. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ അരുണ്‍ കെ. വിജയനോടുള്ള അതൃപ്തി റവന്യുമന്ത്രി കെ. രാജന്‍ പരസ്യമായി പ്രകടിപ്പിക്കുന്നു. കണ്ണൂരില്‍ നടത്താനിരുന്ന ഭൂമി തരംമാറ്റല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട്ടേക്ക് മാറ്റുന്നു. കണ്ണൂര്‍ കലക്ടര്‍ പങ്കെടുക്കേണ്ടിയിരുന്ന സര്‍ക്കാര്‍ പരിപാടിയാണ് മാറ്റിയത്.
ഒക്ടോബര്‍ 24 വ്യാഴം
പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് മുമ്പാകെ വാദം നടന്നു. മൂന്നു മണിക്കൂറും 10 മിനിട്ടും നീണ്ട വാദ പ്രതിവാദങ്ങളാണുണ്ടായത്. തുടര്‍ന്ന് ജാമ്യഹര്‍ജി വിധി പറയുന്നത് 29ലേക്ക് മാറ്റുന്നു. നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജോണ്‍ എസ്.റാല്‍ഫും അഡ്വ. പി.എം.സജിതയും ദിവ്യക്ക് വേണ്ടി കെ. വിശ്വനുമാണ് ഹാജരായത്.
ഒക്ടോബര്‍ 25 വെള്ളി
പ്രതിപക്ഷ സംഘനകളുടയും മറ്റും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ നവീന്‍ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഉത്തരമേഖല എ.ഡി.ജി.പി കെ. സേതുരാമന്‍ ഉത്തരവിറക്കുന്നു. നവീന്‍ ബാബുവിന്റെ മരണംകഴിഞ്ഞ് പതിനൊന്നാം ദിവസമാണ് പുതിയ സംഘത്തെ നിയോഗിക്കുന്നത്.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.അജിത്കുമാര്‍, എ.സി.പി ടി.കെ രത്‌നകുമാര്‍, കണ്ണൂര്‍ ടൗണ്‍ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി, സിറ്റി എസ്.എച്ച്.ഒ സനല്‍കുമാര്‍, ടൗണ്‍ എസ്.ഐ സവ്യസാചി, വനിത പൊലിസ് സ്റ്റേഷന്‍ എസ്.ഐ രേഷ്മ, സൈബര്‍ സെല്‍ എ.എസ്.ഐ ശ്രീജിത്ത് എന്നിവര്‍ അന്വേഷണസംഘത്തില്‍. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല്‍ മീണയ്ക്കാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
ഒക്ടോബര്‍ 26 ശനി
വിവാദ പെട്രോള്‍ പമ്പ് അപേക്ഷകന്‍ പ്രശാന്തിനെ ആരോഗ്യവകുപ്പ് പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്ട്രിക്കല്‍ സെക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തു. പ്രത്യേക അന്വേഷണസംഘം യോഗം ചേര്‍ന്ന് അന്വേഷണം വിലയിരുത്തുന്നു. ഇതിനിടയില്‍ ദിവ്യ സി.പി.എം നിയന്ത്രണത്തിലുള്ള പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് അഭ്യൂഹം പരക്കുന്നു.
ഒക്ടോബര്‍ 28 തിങ്കള്‍
ദിവ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജില്ലാപഞ്ചായത്ത് യോഗത്തില്‍ ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അഗത്വം റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേത്തിന് അവതരണാനുമിതി നിഷേധിച്ചതിനെ ചൊല്ലി പ്രതിപക്ഷ ബഹളം. ബഹത്തിനിടെ അജണ്ടകള്‍ വായിച്ച് തീര്‍ത്ത് പാസാക്കിയതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ യോഗത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നു
29 രാവിലെ 11ന്
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളുന്നു. ഉച്ചകഴിഞ്ഞ് ദിവ്യയെ കണ്ണപുരത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നു. ദിവ്യ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങിയതാണെന്നും അഭ്യൂഹം. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ കേസായതിനാല്‍ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്ന് സിറ്റി കമ്മിഷണര്‍ ആര്‍.അജിത്കുമാര്‍ മാധ്യമങ്ങളെ അറിയിക്കുന്നു. എന്നാല്‍ ദിവ്യയെ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് കമ്മിഷണര്‍ പറയാന്‍ തയാറാകുന്നില്ല. പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ വാഹനത്തില്‍ ദിവ്യയെ കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കുന്നു.
കണ്ണൂര്‍ പൊലിസും സി.പി.എം ജില്ലാ നേതൃത്വത്തിലെ ചിലരും ഒത്തുചേര്‍ന്ന് തയാറാക്കിയ തിരക്കഥ പ്രകാരമാണ്
ദിവ്യയെ കസ്റ്റഡിയും അറസ്റ്റും റിമാന്‍ഡും നടന്നതെന്ന ആരോപണങ്ങള്‍ പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തുന്നു. അതിനുള്ള തെളിവുകള്‍ മുന്നില്‍ ധാരളമുണ്ടുതാനും. ഇന്നലെ അതായത് 29ന് ഉച്ചയ്ക്ക് രണ്ടരയോടെ പയ്യന്നൂര്‍ ഭാഗത്തുനിന്ന് രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം കാറിലെത്തിയ ദിവ്യ കണ്ണപുരത്തു കാത്തുനിന്ന അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ രത്‌നകുമാറിന്റെ വാഹനത്തിലേക്കു മാറിക്കയറുകയായിരുന്നു. ഇരിണാവിലെ ദിവ്യയുടെ വീട്ടില്‍നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണ് കണ്ണപുരമെങ്കിലും അവരെത്തിയത് വീട്ടില്‍ നിന്നായിരുന്നില്ല. ദിവ്യയെ ചോദ്യം ചെയ്യാന്‍ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലെത്തിക്കുമെന്നായിരുന്നു കമ്മിഷണര്‍ വൈകിട്ട് മൂന്നരയോടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതുപ്രകാരം സ്റ്റേഷനുമുന്നില്‍ കാത്തുനിന്ന മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ദിവ്യയെ എത്തിച്ചത് കുറച്ചപ്പുറത്തെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിലും. വൈകാതെ മാധ്യമപ്രവര്‍ത്തകര്‍ ക്രൈം ബ്രാഞ്ച് ഓഫിസിനു മുന്നിലെത്തിയതോടെ 5.45 വരെ ചോദ്യം ചെയ്യാനെന്നവണ്ണം ദിവ്യയെ അവിടെ ഒളിപ്പിച്ചു. 5.45ന് വൈദ്യപരിശോധനയ്ക്ക് പുറത്തെത്തിച്ചപ്പോഴാണ് 14 ദിവസത്തിനു ശേഷം മാധ്യമങ്ങള്‍ ദിവ്യയെ കാണുന്നത്. ചെറുചിരിയോടെ തലയുയര്‍ത്തി പോരില്‍ ജയിച്ചവളെപ്പോലെയായിരുന്നു ദിവ്യ പൊലിസ് ജീപ്പില്‍ കയറിയത്. തന്റെ വിഷവാക്കില്‍ ഒരു സാധുമനുഷ്യന്‍ ജീവനവസാനിപ്പിച്ചെന്ന കുറ്റബോധത്തിന്റെ ലാഞ്ജനപോലും ആ മുഖത്തുണ്ടായിരുന്നില്ല. ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോഴും പൊലിസിന്റെ തിരക്കഥയിലെ കരുതല്‍ വീണ്ടും മാധ്യമങ്ങളിലൂടെ നാട് കണ്ടു.
പിന്‍വാതില്‍ വഴി ദിവ്യയെ ആശുപത്രിക്കുള്ളിലെത്തിച്ച പൊലിസ് കരുണ പക്ഷെ, പെറ്റിക്കേസില്‍ പിടിക്കപ്പെടുന്ന സാധാരണക്കാരനോട് ഉണ്ടാവില്ലെന്നുമാത്രം. വൈദ്യപരിശോധനയ്ക്കു ശേഷം തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.വി അനുരാജിന്റെ വീട്ടിലെത്തിച്ച ദിവ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്ക് അയക്കുന്നു. ദിവ്യയെ കൊണ്ടുപോകുന്നിടത്തൊക്ക പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. കൂവിവിളികളും കൊലയാളി ദിവ്യയ്ക്ക് മാപ്പില്ല എന്ന മുദ്രാവാക്യങ്ങളോടെയുമായിരുന്നു ജില്ലാ ആശുപത്രിക്കുമുന്നിലും മജിസ്‌ട്രേറ്റിന്റെ വസതിക്കുമുന്നിലും പോകുന്ന വഴികളിലും പ്രതിഷേധക്കാര്‍ പി.പി ദിവ്യയെ 'വരവേറ്റത്'. ഇന്ന് തലശേരി കോടതിയില്‍ ദിവ്യയ്ക്കുവേണ്ടി കെ.വിശ്വന്‍ മുഖേനെ ജാമ്യഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആദ്യം ഹരജി പരിഗണിക്കും. അതുവരെ ദിവ്യ അഴിക്കുള്ളില്‍ തുടരും. തലശേരി കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം അഭിഭാഷകന്റെ നീക്കം. അതിനിടെ ഇന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും ജില്ലാ കമ്മിറ്റിയില്‍നിന്ന് ദിവ്യയെ തരംതാഴ്ത്തുന്നതുള്‍പ്പെടെ ഒരു നടപടിയും കൈക്കൊണ്ടില്ല. നവീന്‍ബാബുവിന്റെ മരണത്തില്‍ ഒരു ട്വിസ്റ്റ് കൂടി സംഭവിച്ചിട്ടുണ്ട്. കോടതിയില്‍ പൊലിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ നല്‍കിയ മൊഴിയാണ് നവീന്‍ബാബു കേസില്‍ ദിവ്യയ്ക്കു പിടിവള്ളിയാകാന്‍ സാധ്യത. ഇന്നലെ കോടതി പുറത്തുവിട്ട വിധിന്യായത്തിന്റെ 34ാം പേജില്‍ തനിക്കു തെറ്റുപറ്റിയെന്ന് എ.ഡി.എം കലക്ടറോട് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലി വാങ്ങിയെന്നതിനു തെളിവല്ലെങ്കിലും കേരളം ആകാംക്ഷയോടെ വീക്ഷിക്കുന്ന കേസില്‍ വഴിത്തിരിവാകാന്‍ സാധ്യത ഏറെയാണ്. ഇന്ന് മാധ്യമങ്ങള്‍ ഇക്കാര്യം കലക്ടറോട് ചോദിച്ചപ്പോള്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നെന്നായിരുന്നു അരുണ്‍ കെ.വിജയന്റെ പ്രതികരണം. കലക്ടറുടെ തുടക്കം മുതലുള്ള ഇടപെടലുകളില്‍ നവീന്‍ബാബുവിന്റെ കുടുംബത്തിനും പത്തനംതിട്ടയിലെ സി.പി.എം നേതൃത്വത്തിനും സംശയമുണ്ടായിരുന്നു. അതുകൊണ്ടാണ് കലക്ടര്‍ വീട്ടില്‍ വരുന്നതിനെ നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷയടക്കമുള്ള ബന്ധുക്കള്‍ എതിര്‍ത്തത്. ഇനി അറിയേണ്ടത് നവീന്‍ബാബുവിന്റെ മരണത്തില്‍ കലക്ടര്‍ക്കും പങ്കുണ്ടോ എന്നതാണ്. കണ്ണൂര്‍ കലക്ടറേറ്റിലെ ഒട്ടുമിക്ക ജീവനക്കാരുടെയും കണ്ണിലെ കരടാണ് അരുണ്‍ കെ.വിജയന്‍. സഹപ്രവര്‍ത്തകരോട് ധാര്‍ഷ്ട്യത്തോടെമാത്രം പെരുമാറുന്ന ഈ ഉദ്യോഗസ്ഥന്‍ പക്ഷെ, കണ്ണൂരിലെ സി.പി.എം നേതാക്കളുടെ മുന്നില്‍ പഞ്ചപുച്ഛമടക്കിനില്‍ക്കുന്നതും പരമസത്യം. അതുകൊണ്ടുതന്നെ നവീന്‍ബാബുവിന്റെ മരണത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയനും മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളയേണ്ടതില്ല. വരുംദിവസങ്ങള്‍ അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ കേരളത്തില്‍ ഉയരുമെന്നുറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."