ഇസ്‌റാഈല്‍ തലസ്ഥാനം ആക്രമിച്ച് ഹിസ്ബുല്ലയും ഹൂതികളും
ബെയ്‌റൂത്ത്/ തെല്‍അവീവ്: ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ആശുപത്രി ആക്രമിച്ച് 13 പേരെ കൊലപ്പെടുത്തിയതിനുപിന്നാലെ ഇസ്‌റാഈല്‍ തലസ്ഥാനമായ തെല്‍അവീവിലേക്ക് ഹിസ്ബുല്ലയുടെ കൂട്ട മിസൈല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് തെല്‍അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
തെല്‍അവീവിലെ ഇന്റലിജന്‍സ് താവളം, ഹൈഫയിലെ നാവികസേനാ താവളം എന്നിവ ആക്രമിച്ചതായി ഹിസ്ബുല്ല അറിയിച്ചു. തെല്‍അവീവിലെ സൈനികതാവളം ആക്രമിച്ചതായി ഹൂതികളും അറിയിച്ചു. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീ പറഞ്ഞു. തെല്‍അവീവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇസ്‌റാഈല്‍ ബെന്‍ഗുരിയോന്‍ വിമാനത്താവളം അടയ്ക്കുകയും ചെയ്തു.
ഹൂതി മിസൈല്‍ നിര്‍വീര്യമാക്കിയതിന്റെ ഭാഗം പതിച്ച് ഇസ്‌റാഈലിലെ മആഗന്‍ മിഷേല്‍ ടൗണില്‍ ഒരാള്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഇസ്‌റാഈല്‍ ടൗണുകളില്‍ നിരവധി കാറുകളും വീടുകളും ഹിസ്ബുല്ല ആക്രമണങ്ങളില്‍ തകര്‍ന്നു. സ്റ്റെല്ല മാരിസ് നാവികതാവളത്തില്‍ ബോംബിട്ടതായി ഹിസ്ബുല്ല പറഞ്ഞു.
ഹൈഫയിലാണ് ഈ നാവികതാവളം പ്രവര്‍ത്തിക്കുന്നത്. ഗ്ലിലോട്ടിലെ സൈനിക ഇന്റലിജന്‍സ് താവളത്തിലും ബോംബിട്ടതായി ഹിസ്ബുല്ല അറിയിച്ചു. 8200 എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്‌റാഈല്‍ സൈന്യത്തിന്റെ പ്രൊഫഷനല്‍ ഇന്റലിജന്‍സ് യൂനിറ്റാണിത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളെ വധിക്കാനുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിച്ചത് 8200 യൂനിറ്റാണ്. ഹൈഫയിലും ടെല്‍അവീവിലും 12 മധ്യ ദൂര മിസൈലുകള്‍ ആക്രമണത്തിന് ഉപയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."