'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി
ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.
'കോടതി എന്നോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഇല്ലെന്ന് വ്യക്തമാക്കി. ഞാന്‍ കലൈഞ്ജറുടെ പേരമകനാണ്യ ഈ വിഷയത്തില്‍ ഒരിക്കലും മാപ്പ് പറയില്ല' ഉദയനിധി പറഞ്ഞു.
പെരിയാര്‍, മുന്‍ മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈ, എം. കരുണാനിധി തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ വീക്ഷണങ്ങളാണ് തന്നിലൂടെ പ്രതിധ്വനിക്കുന്നതെന്നും തിങ്കളാഴ്ച ഒരു പരിപാടിയില്‍ സംസാരിക്കവെ ഉദയനിധി പറഞ്ഞു. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഇതാണ് 2023 സെപ്തംബറില്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തിലേക്ക് നയിച്ചതെന്നും ഡി.എം.കെ നേതാവ് കൂട്ടിച്ചേര്‍ത്തു.
''എന്നാല്‍ എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു. തമിഴ്‌നാട്ടില്‍ മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള നിരവധി കോടതികളില്‍ എനിക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അവര്‍ എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. പക്ഷേ പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ഞാന്‍ കലൈഞ്ജറുടെ ചെറുമകനാണ്, മാപ്പ് പറയില്ല'' എല്ലാ കേസുകളും നേരിടുമെന്നും ഉദയനിധി പറഞ്ഞു.
സനാതന ധര്‍മം കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, മലേറിയയും ഡെങ്കിയും പോലെ പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടതെന്നായിരുന്നു ഉദയനിധിയുടെ വിവാദപ്രസ്താവന.
തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു പ്രസ്താവന. ബി.ജെ.പി അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."