യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം
കണ്ണൂര്‍: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി.പി ദിവ്യയുമായി ഫോണില്‍ സംസാരിച്ചിരുന്നതായി കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലിസിന് നല്‍കിയ സ്റ്റേറ്റ്മെന്റില്‍ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണത്തിനു കീഴിലായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ കോള്‍ റെക്കോഡ് അടക്കമുള്ള കാര്യങ്ങള്‍ പൊലിസിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലീവിനോ സ്ഥലമാറ്റത്തിനോ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതെല്ലാം സര്‍ക്കാര്‍ തീരുമാനമാണെന്നും ആ തീരുമാനത്തിന് അനുസരിച്ച് നീങ്ങുമെന്നും കളക്ടര്‍ വ്യക്തമാക്കി.
നവീനുമായി വളരെ നല്ല ബന്ധമുണ്ടായിരുന്നുവെന്നും കളക്ടര്‍ പറഞ്ഞു. അവധി നല്‍കാറില്ലെന്ന് കുടുംബത്തിന്റെ ആരോപണം അദ്ദേഹം തള്ളി. ലീവ് നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇവിടെ പരിശോധിച്ചാല്‍ മതിയെന്നും അത്തരം വിഷയങ്ങളുണ്ടായതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് ഇന്നലെ വൈകീട്ടാണ് തന്റെ ക്യാംപ് ഓഫീസില്‍ വെച്ചാണ് മൊഴിയെടുത്തത്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് പൊലീസിനും നല്‍കിയത്. യാത്രയയപ്പിനുശേഷം നവീന്‍ ബാബുവുമായി സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് അന്വേഷണത്തിന്റെ ഭാഗമെന്നായിരുന്നു കളക്ടറുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."