ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍
തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതുസമൂഹത്തോടുള്ള ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമെല്ലാം പക്വതയും പൊതുധാരണയുമുണ്ടാകേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.
ഗൗരവമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകും. നവീന്‍ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല. നല്ല ഉദ്യോഗസ്ഥനാണ് എന്നുതന്നെയാണ് ഇതുവരെയുള്ള ധാരണ. കളക്ടറോട് എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാലുടന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. നവീന്‍ ബാബുവിനെതിരെ ഇന്നലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."