മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡില്‍ അനധികൃത പരിശോധന നടന്നിട്ടുണ്ടെന്ന സംഭവത്തില്‍ പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹരജി ഹൈക്കോടതി തള്ളി. നിലവില്‍ പ്രിന്‍സിപ്പല്‍ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം, കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലിസ് അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നത്. നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ് ഡയസ് ഹരജി തള്ളിയത്.
വിചാരണ കോടതി നടത്തിയ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിത ഹരജി നല്‍കിയിരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്നാണ് അതിജീവിതയുന്നയിക്കുന്ന വാദം.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് പരിശോധിച്ചതിലായിരുന്നു എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അന്വേഷണം. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണയാണ് നിയമ വിരുദ്ധമായി പരിശോധിക്കപ്പെട്ടത്.
മെമ്മറി കാര്‍ഡിലുള്ളത് തന്റെ വ്യക്തിപരമായ വിവരങ്ങളാണ്. അത് പുറത്തുപോവുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹാഷ് വാല്യു മാറിയത് എങ്ങനെയെന്ന് കണ്ടെത്തണമെന്നുമായിരുന്നു അതീജിവിത ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."