കൂട്ടരാജിക്ക് സാധുതയില്ല, വ്യക്തിഗതമായി സമര്‍പ്പിക്കണം' ഡോക്ടര്‍മാരോട് പശ്ചിമ ബംഗാള്‍
കൊല്‍ക്കത്ത: സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കൂട്ടരാജിക്ക് സാധുതയില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. സര്‍വിസ് ചട്ടങ്ങള്‍ അനുസരിച്ച് രാജി വ്യക്തിഗതമായി സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ വനിതാ ഡോക്ടര്‍ക്ക് നീതി തേടി ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി സര്‍ക്കാര്‍ ആശുപത്രികളിലെ നിരവധി ഡോക്ടര്‍മാര്‍ കൂട്ടായി ഒപ്പിട്ട രാജിക്കത്ത് സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം.
സര്‍വിസ് ചട്ടങ്ങള്‍ അനുസരിച്ച് ഒരു ജീവനക്കാരന്‍ തന്റെ രാജിക്കത്ത് തൊഴിലുടമക്ക് വ്യക്തിപരമായി അയച്ചില്ലെങ്കില്‍ അത് രാജിക്കത്താവില്ല. പ്രത്യേക കാരണങ്ങള്‍ ഒന്നും പരാമര്‍ശിക്കാതെ ഡോക്ടര്‍മാര്‍ അയച്ച കത്തുകള്‍ 'കൂട്ട ഒപ്പ്' മാത്രമാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് അലപന്‍ ബന്ദ്യോപാധ്യായ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ്, ഐ.പി.ജി.എം.ഇ.ആര്‍, എസ്.എസ്.കെ.എം ഹോസ്പിറ്റല്‍ എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള മുതിര്‍ന്ന ഡോക്ടര്‍മാര്‍ കൂട്ട രാജിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുകയാണെന്നും ബന്ദ്യോപാധ്യായ കൂട്ടിച്ചേര്‍ത്തു.
ഈ ആഴ്ച ആദ്യത്തിലാണ് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ ഒരു കൂട്ടം മുതിര്‍ന്ന ഡോക്ടര്‍മാര്‍ 'കൂട്ട രാജി'ക്കത്ത് അയച്ചത്. തുടര്‍ന്ന് മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സമാനമായ കത്തുകള്‍ അയച്ചു. കൊല്ലപ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭ്യമാക്കുക, സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ രാജി, ജോലിസ്ഥലത്തെ സുരക്ഷ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മരണം വരെ നിരാഹാര സമരം നടത്തുകയാണ്.
അതിനിടെ, മുതിര്‍ന്ന ഡോക്ടര്‍മാര്‍ സാധാരണ നിലയില്‍ ജോലി ചെയ്യുന്നതിനാല്‍ സര്‍ക്കാര്‍ നടത്തുന്ന ആശുപത്രികളിലെ ആരോഗ്യ സേവനങ്ങള്‍ തടസ്സപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു. ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒക്ടോബര്‍ 4ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും തങ്ങളുടെ സമ്പൂണ പണിമുടക്ക് ഭാഗികമായി അവസാനിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."