അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ
തിരുവനന്തപുരം: പ്രീ സ്‌കൂൾ പഠനത്തിൽ കുട്ടികളെ മികവുള്ളവരാക്കാൻ ശാസ്ത്രീയ പരിശീലനം നേടിയ ആയമാർ വരുന്നു. പ്രീസ്‌കൂൾ പഠനത്തിൽ ഡിപ്ലോമ നേടിയവരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യ കോഴ്‌സ് 16ന് ആരംഭിക്കും.
ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്‌കൂൾ മാനേജ്‌മെന്റ് എന്നാണ് കോഴ്‌സിനു പേര്. എസ്.എസ്.എൽ.സി വിജയിച്ച 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം നൽകുക. ആയമാരായി പ്രവർത്തിക്കുന്നവർക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം അനുവദിക്കും.
അങ്കണവാടി, ക്രഷുകൾ, പ്രീ സ്‌കൂളുകൾ എന്നിവിടങ്ങളിലേക്കാണ് ഇവരെ നിയോഗിക്കുക. പൊതു വിദ്യാഭ്യാസ വകുപ്പിന്റേതുകൂടാതെ വനിതാ ശിശു വികസന വകുപ്പ്, പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം സ്‌കൂളുകൾ നടന്നുവരുന്നുണ്ട്. എന്നാൽ പലേടത്തും ആയമാരുടെ പ്രവർത്തനത്തിൽ പരാതികളുയർന്ന സാഹചര്യമുണ്ടായിരുന്നു.
അങ്കണവാടി, പ്രീസ്‌കൂൾ തലം കൂടി ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുകയാണ്. നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജ്യൂക്കേഷൻ ആണ് പ്രീ സ്‌കൂൾ അധ്യാപകർക്ക് യോഗ്യത, പരിശീലനം, നിയമനം എന്നീ നിബന്ധനകൾ മുന്നോട്ടുവച്ചത്. ഡിപ്ലോമ കോഴ്‌സ് തുടങ്ങുന്നതോടെ ഈ നിർദേശം സാധൂകരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അങ്കണവാടി അധ്യാപകരെ പരിശീലനം നൽകി ഏർലി ചൈൽഡ് ഹുഡ് അധ്യാപകരാക്കുമെന്ന് ദേശീയ നയം പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."