ഹൂഡയുടെ കൈവിട്ടകളി
ഛണ്ഡിഗഢ്: ഹരിയാന കോണ്‍ഗ്രസ് കഴിഞ്ഞ കുറേക്കാലമായി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ ചുറ്റും കറങ്ങുകയാണ്. ഹൂഡ പറയുന്നതിനപ്പുറം ഒന്നും ചെയ്യാനാകാത്ത പ്രതിസന്ധിയിലായിരുന്നു ഹൈക്കമാന്‍ഡ്. താനും തനിക്കൊപ്പമുള്ളവരും മാത്രം മതിയെന്ന നിലപാടുമായി പാര്‍ട്ടിയിലെ എതിര്‍പക്ഷത്തെ പല നേതാക്കളെയും ഹൂഡ പുകച്ചുചാടിച്ചു. 2019ല്‍ തമ്മിലടിച്ച് അവസരം നഷ്ടമാക്കിയതിലും ഹൂഡയുടെ പങ്ക് ചെറുതല്ല. ഇത്തവണ, എതിര്‍ ചേരിയിലെ ഷെല്‍ജ, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെ വെട്ടിനിരത്താനും അവര്‍ക്കൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്‍കാതിരിക്കാനും ഹൂഡ സമര്‍ഥമായി കളിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൂഡ പറയുന്നത് മാത്രമാണ് അംഗീകരിക്കപ്പെട്ടത്.
ഹൂഡയും മകനുമാണ് ഹരിയാന കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിച്ചത്. ഭരണം കിട്ടുമെന്ന വിശ്വാസത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൂഡയുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ 28 ശതമാനത്തോളം വരുന്ന ജാട്ട് വിഭാഗത്തിന്റെ വോട്ട് ഹൂഡ വഴി കോണ്‍ഗ്രസിന് ഉറപ്പിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ഹൈക്കമാന്‍ഡ് ഇടപെടാതിരുന്നത്. എന്നാല്‍ ജാട്ട് മേഖലയിലടക്കം കോണ്‍ഗ്രസ് പിന്നോട്ടുപോയി എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശ് അതിര്‍ത്തി പങ്കിടുന്ന മേഖല, തെക്കന്‍ ഹരിയാന എന്നിവിടങ്ങളിലെ ജാട്ട് മേഖലയില്‍ ബി.ജെ.പിയാണ് കടന്നുകയറിയത്. നേതാക്കളെ ഒന്നിപ്പിച്ച് കൊണ്ടു പോകുന്നതിനു പകരം തന്റെ അനുയായികളെ മാത്രം പരിഗണിക്കുകയായിരുന്നു ഹൂഡ. 90ല്‍ 70 സ്ഥാനാര്‍ഥികളും ഹൂഡ നിര്‍ദേശിച്ചവരായിരുന്നു.
ദലിത്, പിന്നോക്ക മേഖലകളിലെ ചില പ്രമുഖ നേതാക്കളെ പോലും ഹൂഡ തഴഞ്ഞു. ഇതോടെ പല മണ്ഡലങ്ങളിലും വിമതര്‍ രംഗപ്രവേശം ചെയ്തു. വിമതരെ അനുനയിപ്പിക്കുന്നതിന് പകരം തിടുക്കപ്പെട്ട് നടപടിയെടുപ്പിച്ചതും ഹൂഡയുടെ നിര്‍ദേശ പ്രകാരമായിരുന്നു. പതിനാറോളം മണ്ഡലങ്ങളില്‍ വിമതരോ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരോ നിര്‍ണായകമായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട നേതാക്കളും അവരുടെ അനുയായികളും തിരിഞ്ഞുകുത്തിയതോടെ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ച ഹൂഡ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തവും ഏല്‍ക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."