ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു
കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് തുടരുന്നു. ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. കേരളത്തില്‍ ഇന്ന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു.
ഇതോടെ പവന്‍ സ്വര്‍ണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന് 7,120 രൂപയാണ് ഇന്നത്തെ വില. വിലയില്‍ ഇന്ന് വീണ്ടും പുതിയ റെക്കോഡ് കുറിച്ചിരിക്കുകയാണ് സ്വര്‍ണം.
കഴിഞ്ഞദിവസം ഇറാന്‍ ഇസ്‌റാഈലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ചത് മേഖലയില്‍ സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിരുന്നു. ഇറാനിലെ എണ്ണ സംസ്‌കരണകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ പ്രത്യാക്രമണം നടത്തിയേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പ്രത്യാക്രമണത്തിന് കനത്ത തിരിച്ചടിയെന്ന ഇറാന്റെ മുന്നറിയിപ്പും മുന്നിലുണ്ട്. അങ്ങിനെ വന്നാല്‍ അത് എണ്ണ വിപണിയെ കാര്യമായി ബാധിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണത്തിന് വില വര്‍ധിക്കാനും ഇത് കാരണമാകും.
ഇന്നലെ ഗ്രാമിന് 10 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയും ഒരു ഗ്രാമിന് 7110 രൂപയുമായിരുന്നു വില. കഴിഞ്ഞയാഴ്ചയാണ് 56,800 രൂപയെന്ന പുതു റെക്കോര്‍ഡില്‍ സ്വര്‍ണം എത്തിയത്. പിന്നീട് മൂന്നുദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞു. അതിന് ശേഷമാണ് വീണ്ടും വര്‍ധന രേഖപ്പെടുത്തുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അധികം വൈകാതെ 57,000 രൂപയായി വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
2024 ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സ്വര്‍ണവിലയില്‍ 29 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."