സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ
ജിദ്ദ: സഊദി ആരോഗ്യമന്ത്രാലയത്തിൻ്റെ പ്രോട്ടോകോൾ പാലിക്കാത്തതിനാൽ മൂന്ന് വിമാന കമ്പനികൾക്ക് പിഴ. യാത്രക്കാർ പ്രവേശിക്കുന്നതിനു മുമ്പായി വിമാനത്തിനകത്ത് അണുനശീകരണം നടത്താത്തതിനാലാണ് സഊദി ആരോഗ്യമന്ത്രാലയം നടപടി സ്വീകരിച്ചത്. ചട്ടങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്ക് സഊദി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. മൂന്ന് അന്താരാഷ്ട്ര വിമാന കമ്പനികൾക്കെതിരെ കർശന നിയമ നടപടിയാണ് ആരോഗ്യ മന്ത്രാലയം എടുത്തിരിക്കുന്നത്.
മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനങ്ങളിലാണ് ചട്ടലംഘനം കണ്ടെത്തിയത്. രോഗങ്ങൾ പകരുന്നത് തടയാൻ ആവശ്യമായ പ്രതിരോധ നടപടികൾ പാലിക്കാതെ കമ്പനികൾ വിമാനങ്ങളിൽ ആളുകളെ കയറ്റുകയായിരുന്നു. ആരോഗ്യ സംവിധാനം ശക്തമാക്കുന്നതിനും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ചട്ടങ്ങൾ ലംഘിച്ചവർക്കെതിരെ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രമായ വിമാനത്താവളങ്ങളിലും അതിർത്തി ക്രോസിംഗുകളിലും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. തീർത്ഥാടകരുൾപ്പടെയുള്ളവരുടെ സുരക്ഷാ മുൻനിർത്തിയാണ് മന്ത്രാലയം കടുത്ത നടപടി കൈകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."