പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി
തിരുവനന്തപുരം: മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരിലാണ് സംഘടന. ആഷിഖ് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, റിമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന.
പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നും സംഘടന വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുമെന്നും കത്തിലുണ്ട്.
തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ധാര്‍മികമായ ഉത്തരവാദിത്തം, ചിട്ടയായ ആധുനീകരണം, തൊഴിലാളികളുടെ ശാക്തീകരണം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി രൂപീകരിക്കേണ്ട ഈ കൂട്ടായ്മ ആധുനിക സമൂഹത്തിന് അത്യന്താപേക്ഷിതമായ നീതിയുക്തവും ന്യായപൂര്‍ണവുമായ തൊഴിലിടങ്ങള്‍ എന്ന വീക്ഷണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണം. സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന കൂടുതല്‍ മെച്ചപ്പെട്ട ഒരു ഭാവിക്കായുള്ള സ്വപ്‌നത്തില്‍ ഒരുമിച്ച് അണിചേരാമെന്നും ഇവര്‍ പറഞ്ഞു.
മറ്റു വ്യവസായ മേഖലകളുമായി തുലനം ചെയ്യുമ്പോള്‍ സിനിമാമേഖല പിന്നിലാണ്. ആധുനിക സംവിധാനങ്ങളും നിയമ ചട്ടക്കൂടുകളും കൂട്ടുത്തരവാദിത്തവും ഉള്‍ക്കൊണ്ട് മലയാള സിനിമാ വ്യവസായത്തെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംവിധായകന്‍ ആഷിക് അബു 'ഫെഫ്ക'യില്‍നിന്ന് രാജിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."