ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം
ബംഗളൂരു: വളരെ ചെറിയ പ്രായത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലും വൈകാതെ പൊളിറ്റ് ബ്യൂറോയിലും എത്തിയ സീതാറാം യെച്ചൂരി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ രീതികള്‍ക്കൊപ്പമായിരുന്നു. പാര്‍ട്ടിക്കുള്ളിലും പുറത്തും വിശാലമായ സൗഹൃദം, പരന്ന വായന, പ്രശ്‌നപരിഹാരത്തിനുള്ള പ്രത്യേക മികവ്, സൗമ്യതയിലും തീപാറുന്ന വാക്കുകള്‍ പ്രവഹിക്കുന്ന പ്രസംഗം... സുര്‍ജിത്തിന്റെ ഈ ശീലങ്ങളെല്ലാം അതിലേറെ യെച്ചൂരിയിലും പ്രകടമായി.
പ്രത്യയശാസ്ത്ര പ്രതിബദ്ധതയടൊപ്പം പ്രായോഗികതയില്‍ ഊന്നിയുള്ള നിലപാട് മാത്രമെ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുകയുള്ളൂവെന്ന് യെച്ചൂരി ശക്തിയുക്തം വാദിച്ചു. രാജ്യത്ത് ബി.ജെ.പിക്കെതിരായ വിശാല ബദല്‍ രൂപീകരണത്തില്‍ സുര്‍ജിത് നല്‍കിയതിന് സമാനമായ സംഭവാനകളാണ് യെച്ചൂരിയും നല്‍കിയത്.
വാജ്‌പേയ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനം സാധ്യമാക്കിയ യു.പി.എയുടെ രൂപീകരണത്തില്‍ സുര്‍ജിത്തിന്റെ പങ്ക് എത്രത്തോളമുണ്ടോ അത്രതന്നെ പ്രാധാന്യം ഇന്‍ഡ്യ സഖ്യം പ്രാവര്‍ത്തികമാക്കിയതില്‍ യെച്ചൂരിക്കുമുണ്ട്. ഒന്നാം യു.പി.എ കാലത്ത് പൊതുമിനിമം പരിപാടിയുടെ ആശയം രൂപപ്പെട്ടതിലും പ്രാവര്‍ത്തികമാക്കിയതിലും യെച്ചൂരിയുടെ പങ്ക് ചെറുതല്ല.
ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന, വ്യത്യസ്ത വീക്ഷണവും ആശയഗതിയുമുള്ള പ്രാദേശിക പാര്‍ട്ടികളെ കൂട്ടിയിണക്കാനും കോണ്‍ഗ്രസിന്റെ ദേശീയ പ്രാധാന്യം അംഗീകരിപ്പിക്കാനും പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളിപ്പിക്കാനും യെച്ചൂരിയുടെ ഇടപെടല്‍ സഹായകമായി. ഇന്‍ഡ്യാ സഖ്യത്തിന്റെ ഏകോപനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പംനിന്ന് ആത്മാര്‍ഥമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."