വിനായകിന്റെ വീട് ജിഗ്നേഷ് മേവാനി സന്ദര്‍ശിച്ചു
വാടാനപ്പള്ളി: പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ഏങ്ങണ്ടിയൂരിലെ വിനായകിന്റെ വീട് ഗുജറാത്തിലെ ദലിത് മുന്നേറ്റ സമരനായകന്‍ ജിഗ്നേഷ് മേവാനി സന്ദര്‍ശിച്ചു.
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതി വിവേചനം ചര്‍ച്ച ചെയ്യുന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്ത് എറണാകുളത്തേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ദിവസം രാത്രി വൈകിയാണു ഇദ്ദേഹം ഏങ്ങണ്ടിയൂരിലെ വീട്ടിലെത്തിയത്. വിനായകിന്റെ പിതാവ് കൃഷ്ണന്‍ കുട്ടി, അമ്മ ഓമന, സഹോദരന്‍ വിഷ്ണുപ്രസാദ്, അയല്‍ വാസികള്‍ എന്നിവരോടും ബന്ധുക്കളോടും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസിന്റെ നടപടികള്‍ ശ്രദ്ധിക്കണം. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കണമെന്നും ശക്തമായ പ്രക്ഷോഭങ്ങളും ബഹുജന സമ്മര്‍ദ്ദങ്ങളുമില്ലെങ്കില്‍ കേസ് തേച്ചുമായ്ച്ചു കളയാനിടവരുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. ദലിതരും ദരിദ്രരും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണെന്നും കൊള്ളരുതാത്തവരാണെന്നുമുള്ള മുന്‍ വിധിയോടെയാണു ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂ അധികാര സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി എം.കപിക്കാട്, ആര്‍.എം.പി.ഐ സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍.സന്തോഷ്, ജില്ലാ ചെയര്‍മാന്‍ അഡ്വ.വി.എം.ഭഗവത് സിങ്, കെ.എസ്.ബിനോജ്, ആര്‍.എം.ഷംസു, ടി.പി.വിജേഷ്, ആര്‍ട്ടിസ്റ്റ് നജീബ് എന്നിവരും ജിഗ്നേഷ് മേവാനിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."