കായംകുളം സി.പി.സി.ആര്‍.ഐ പൂട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രിയുടെ ഉറപ്പ് ലഭിച്ചെന്ന് കെ.സി വേണുഗോപാല്‍ എം.പി.
കായംകുളം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍.ഐ) കായംകുളം കൃഷ്ണപുരത്തെ മേഖലാ കേന്ദ്രം അടച്ചുപൂട്ടില്ലെന്നു കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിന്റെ ഉറപ്പു ലഭിച്ചെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. പതിറ്റാണ്ടുകളായി നാളികേര ഗവേഷണ രംഗത്തു അഭിമാനകരമായ സേവനം നല്‍കുന്ന സ്ഥാപനം പൂട്ടാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ടെന്ന വര്‍ത്തകളെത്തുടര്‍ന്നു കെ.സി വേണുഗോപാല്‍ എം.പി കൃഷിമന്ത്രാലയത്തില്‍ വെച്ച് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ഉറപ്പു നല്‍കിയത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലി(ഐ.സി.എ.ആര്‍) നു കീഴില്‍ സി.പി.സി.ആര്‍.ഐയിലെ ശാസ്ത്രജ്ഞരുടെ തസ്തികകള്‍ പുനഃപരിശോധിക്കാനുള്ള സമിതിയുടെ യോഗത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എം.പി ചൂണ്ടിക്കാട്ടി. ഒരേ സംസ്ഥാനത്തു തന്നെ രണ്ടു പ്രാദേശിക ഗവേഷണ കേന്ദ്രങ്ങള്‍ വേണ്ടെന്ന വിചിത്ര ന്യായം ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു നിര്‍ദേശം കേന്ദ്ര കൃഷി മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പേ സ്ഥാപിതമായ നാളികേര ഗവേഷണ കേന്ദ്രം കോടിക്കണക്കിനു രൂപ ചിലവിട്ടു പതിറ്റാണ്ടുകളായി കാര്‍ഷിക ഗവേഷണ രംഗത്തു ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണെന്നും എം.പി ചൂണ്ടിക്കാട്ടി. തെങ്ങിനെ ബാധിക്കുന്ന കീട രോഗങ്ങളെപ്പറ്റിയും ഇടവിളകളെപ്പറ്റിയും ശ്രദ്ധേയമായ പഠനങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ അടക്കം ഇവിടെ തയ്യാറാക്കുന്ന നടീല്‍ വസ്തുക്കള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി.
കേന്ദ്രം പൂട്ടാനുള്ള നിര്‍ദേശം നാളികേര ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനത്തോട് ചെയ്യുന്ന അനീതിയാണെന്നും എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇക്കാര്യങ്ങള്‍ പരിഗണിച്ചു കായംകുളത്തെ മേഖലാ കേന്ദ്രം അടച്ചുപൂട്ടാനുള്ള നിര്‍ദേശം മന്ത്രാലയം പരിഗണിക്കില്ലെന്നും ഈ നിര്‍ദേശം തള്ളിക്കളയുമെന്നും കൃഷി മന്ത്രി കെ.സി വേണുഗോപാല്‍ എം.പിക്കു ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."