ചൂളാട്ടിപ്പാറയില്‍ കരിങ്കല്‍ കടത്ത് നാട്ടുകാര്‍ തടഞ്ഞു
അരീക്കോട്: പ്രദേശവാസികളുടെ ജീവന് പുല്ലുവില പോലും കല്‍പ്പിക്കാതെ കരിങ്കല്‍ ഖനനം നടത്തുന്നതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ കൊല്ലംകൊല്ലി ക്വാറിക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത്. ഇന്നലെ രാവിലെ ക്വാറിയില്‍ നിന്നും കരിങ്കല്‍ കയറ്റി പോവുകയായിരുന്ന രണ്ട് ലോറികള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ചൂളാട്ടിപ്പാറ അങ്ങാടിയില്‍ തടഞ്ഞിട്ടു.
മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ ക്വാറിയിലെ ലോറികളുടെ മരണപ്പാച്ചില്‍ മൂലം പ്രയാസപ്പെടുകയാണ് നാട്ടുകാര്‍ ആരോപിച്ചു.
അമിത വേഗതയില്‍ എത്തുന്ന കരിങ്കല്‍ ലോറികള്‍ അപകടം വിതക്കാന്‍ തുടങ്ങിയതോടെ രക്ഷിതാക്കള്‍ ആധിയിലാണ്. റോഡിന് ഇരു വശവും തടഞ്ഞിട്ട ലോറികള്‍ വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയാറായില്ല. തുടര്‍ന്ന് അരീക്കോട് പൊലിസ് സ്ഥലത്തെത്തി ലോറി വിട്ടു നല്‍കാന്‍ പറഞ്ഞെങ്കിലും സുരക്ഷ ഉറപ്പുവരുത്തണമെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍. തുടര്‍ന്ന് അരീക്കോട് എസ്.ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തില്‍ സ്റ്റേഷനില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് ലോറികള്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. കഴിഞ്ഞ മാസം അമിത വേഗതയില്‍ കരിങ്കല്ലുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു.
അരീക്കോട് പൊലിസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു അന്ന് വാഹനം വിട്ടുനല്‍കിയത്. എന്നാല്‍ സ്‌കൂള്‍ സമയങ്ങളില്‍ ലോറി എത്തിയിട്ടും നടപടി എടുക്കുന്നില്ലെന്നും ക്വാറി മാഫിയക്ക് വേണ്ടി പൊലിസ് പ്രവര്‍ത്തിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."