കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
കൊൽക്കത്ത: ആർ.ജി.കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്‌ടറുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യവുമായി സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാർ. ഒക്ടോബർ 14 മുതൽ, 48 മണിക്കൂർ ഭാഗികമായി പണിമുടക്കിന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആഹ്വാനം ചെയ്തിരിക്കുകയാണ്.
അത്യാഹിത വിഭാഗം തടസ്സമില്ലാതെ പ്രവർത്തിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന പറഞ്ഞു.കൊല്ലപ്പെട്ട വനിതാ ഡോക്‌ടറുടെ കുടുംബത്തിന്റെ നീതിക്കായി ജൂനിയർ ഡോക്ടർമാരുടെ സംഘടന മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. 14ന് രാവിലെ 6 മുതൽ പണിമുടക്ക് ആരംഭിക്കും. സമരം ചെയ്യുന്ന ജുനിയർ ഡോക്‌ടർമാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും സംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് ഒൻപതിനാണ് ആർ.ജി.കർ ആശുപത്രിയിലെ 31 വയസ്സുള്ള പിജി ഡോക്ടർ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രതി സഞ്ജയ് റോയ് പിടിയിലായെങ്കിലും സംഭവത്തെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്നും, ഡോക്ടർമാരുടെ സുരക്ഷ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടർമാർ സമരം ആരംഭിച്ചു. സമരത്തിന് രാജ്യവ്യാപകമായി വലിയ പിന്തുണ ലഭിച്ചു. രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി എത്തിയതോടെ മമത സർക്കാർ പ്രതിസന്ധിയിലായി.
ജൂനിയർ ഡോക്ട്‌ടർമാരുമായി ചർച്ച നടത്തി സമരം ഒത്തുതീർപ്പിലെത്തിയെങ്കിലും വാഗ്ദാനങ്ങൾ സർക്കാർ കൃത്യമായി പാലിക്കുന്നില്ല എന്ന് കാട്ടി ജൂനിയർ ഡോക്‌ടർമാർ സമരം പുനരാരംഭിച്ചിരിക്കുകയാണ്. ജൂനിയർ ഡോക്‌ടർമാർക്ക് പിന്തുണയുമായി ഇരുന്നൂറോളം സർക്കാർ ഡോക്ടർമാർ പ്രതീകാത്മകമായി രാജിവെയ്ക്കുകയും ചെയ്തു. അതേസമയം, സർക്കാർ ആശുപത്രികളിൽനിന്നുള്ള ഡോക്ടർമാരുടെ കൂട്ടരാജി സേവന ചട്ടങ്ങൾ അനുസരിച്ചല്ലെന്ന് സർക്കാർ അറിയിച്ചു. രാജി സാധുതയുള്ളതല്ലെന്നും ചട്ടങ്ങൾ അനുസരിച്ച് വ്യക്തിഗതമായി വേണം രാജിക്കത്ത് സമർപ്പിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."