ഇരട്ടക്കുഴല്‍ തോക്കും എ.കെ 47നും; തൊട്ടുനോക്കി സന്ദര്‍ശകര്‍
കോഴിക്കോട്: നാടന്‍ ബോംബും സ്റ്റീല്‍ബോബും ഇരു കൈയിലുമായി മാറിമാറി പിടിക്കുന്നു. പിന്നെ അതു കുലുക്കിനോക്കി നിലത്തുവയ്ക്കുന്നു. ഇരട്ടക്കുഴല്‍ തോക്ക് മുതല്‍ എ.കെ 47 വരെ അങ്ങ് നീണ്ടുകിടക്കുന്നു. ഏതു തൊടും? കോഴിക്കോട് പൊലിസ് ഡോര്‍മെട്രിയിലെ പ്രദര്‍ശനത്തിനെത്തുന്നവര്‍ അല്‍പം കൗതുകത്തോടെയാണ് എല്ലാം തൊട്ടുനോക്കിയത്. സിനിമകളിലും സമരങ്ങളിലും മാത്രം കണ്ടും കേട്ടുമറിഞ്ഞ വസ്തുക്കള്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പലര്‍ക്കും അമ്പരപ്പ് വിട്ടുമാറിയില്ല. വസ്തുക്കള്‍ പരിചയപ്പെടുത്തുന്ന പൊലിസുകാരോട് തലങ്ങും വിലങ്ങും സംശയം ചോദിക്കുന്നു. സൗമ്യമായി അതിനെക്കുറിച്ച് മറുപടി പറഞ്ഞ് പോലിസ് ഉദ്യോഗസ്ഥരും.
കേരളപ്പിറവിയോടനുബന്ധിച്ച് പൊല്‌സ് സേനയാണ് തങ്ങളുടെ ഉപകരണങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ പൊലിസ് ആസ്ഥാനത്തും ഇത്തരത്തില്‍ പ്രദര്‍ശനം നടത്തിയിരുന്നു. റിമോര്‍ട്ട് വയര്‍ കട്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിക്ടര്‍, നാടന്‍ബോംബ്, പെപ്പ് ബോംബ് തുടങ്ങി വിവിധ ബോംബുകള്‍, ഗ്രനേഡുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, മള്‍ട്ടി ബാരല്‍ ലോഞ്ചര്‍ തുടങ്ങി നിരവധി വസ്തുക്കള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
ഈ വസ്തുക്കള്‍ക്കൊപ്പം സന്ദര്‍ശകരുടെ മനം കവര്‍ന്നവരാണ് രണ്ടുവയസുകാരികളായ ബ്ലാക്കിയും റൂണിയും. ഹരിയാനയിലെ ഇന്‍ഡോ ടിബറ്റന്‍ ട്രെയിനിങ് ക്യാംപില്‍ നിന്നെത്തിയ ഈ മിടുക്കികള്‍ നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പ്രദര്‍ശനം കാണാന്‍ പാവണി റോഡിലെ പൊലിസ് ഡോര്‍മെട്രിയില്‍ എത്തിയത്. പ്രദര്‍ശനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."