പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: പ്രീ സ്കൂളുകളിലും ചുവടുറപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
മുക്കം: ഒന്നു മുതല്‍ 12 വരെയുള്ള സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രീ സ്കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളുടെയും അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിച്ചതു പോലെ പ്രീ സ്കൂളുകളിലും പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണു വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വന്‍തോതില്‍ വിദ്യാര്‍ഥി പ്രാതിനിധ്യം വര്‍ധിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് പല അണ്‍എയ്ഡഡ്, പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍ പ്രീ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നാമമാത്രമാണ് ഇപ്പോഴുള്ളത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രീസ്കൂള്‍ മേഖലയിലുള്ള അപ്രമാദിത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു വിദ്യാഭ്യാസവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ഇതോടനുബന്ധിച്ച് ശാസ്ത്രീയ പ്രീ സ്കൂള്‍ വിദ്യാഭ്യാസ കര്‍മ പദ്ധതിയുടെ ക്ലസ്റ്റര്‍ അധിഷ്ഠിത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനുള്ള ജില്ലാതല പരിശീലനങ്ങള്‍ക്കു ജില്ലയില്‍ തുടക്കമായി. സര്‍വശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ 30 പ്രീ സ്കൂളുകളില്‍ ശാസ്ത്രീയ പ്രീസ്കൂള്‍ കര്‍മ പദ്ധതി നടപ്പാക്കുന്നതിനുള്ള ജില്ലാതല പരിശീലനം ജില്ലയില്‍ രണ്ടു കേന്ദ്രങ്ങളിലായാണു നടക്കുന്നത്. ഏഴ് ബി.ആര്.സികള്‍ കേന്ദ്രീകരിച്ച് നടക്കാവ് ഗേള്‍സ് സ്കൂളിലും എട്ട് ബി.ആര്.സികള്‍ കേന്ദ്രീകരിച്ച് പേരാമ്പ്ര ബി.ആര്.സിയിലുമാണ് അഞ്ചു ദിവസത്തെ പരിശീലനം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രീ സ്കൂളിലെ പ്രധാനാധ്യാപകന്, നഴ്സറി ടീച്ചര്‍, ഒരു പി.ടി.എ അംഗം, രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ അല്ലെങ്കില്‍ റിട്ടയേര്‍ഡ് അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."