തലശ്ശേരിപ്പൊലിമ
''കായ് പാകായിനോന്നു നോക്കിയാട്ടെ..''
പെരുന്നാള്‍ ഉറപ്പിച്ച് തക്ബീര്‍ കേട്ടു കഴിഞ്ഞാല്‍ പിന്നെ 'കായ് പൊരിച്ചതും' 'പിടിക്കറിപ്പായസ'വും ഉണ്ടാക്കാനുള്ള തിരക്കാണ്. പറമ്പില്‍നിന്നു വെട്ടിയെടുത്തു കൊണ്ടുവന്ന പഴക്കുലകളൊക്കെ കെട്ടിത്തൂക്കിയിരിക്കുന്നത് അടുക്കള വരാന്തയോടു ചേര്‍ന്നുള്ള കുഞ്ഞുമുറിയിലാണ്. പഴുത്ത നേന്ത്രപ്പഴം ഉരിഞ്ഞെടുത്ത് മൈദയും മുട്ടയും പഞ്ചസാരയും ഏലക്കയും ചേര്‍ത്തുണ്ടാക്കിയ കൂട്ടില്‍ വറുത്തെടുക്കും. ബാക്കിയുള്ള പഴം നുറുക്ക് ചെറുതായി മുറിച്ചിട്ട്, അടുപ്പില്‍ തിളക്കുന്ന പിടിക്കറിയിലേക്കും ചേര്‍ക്കും. അരി കുഴച്ച കുഞ്ഞു ഉരുളകളും കടലപ്പരിപ്പും തേങ്ങാപ്പാലും പഴം നുറുക്കുകളും ചേര്‍ത്തു വേവുന്ന മണം കാറ്റോടൊപ്പം ചിരിച്ചൊഴുകും.
ജീവിതം എത്ര മനോഹരമായി ജീവിക്കാന്‍ പറ്റുമോ അത്രയും സുന്ദരമായി ജീവിക്കുന്നവരാണ് തലശ്ശേരിക്കാരെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അതുകൊണ്ടായിരിക്കാം മടുപ്പും വെറുപ്പും നിറയുന്ന ചില നേരങ്ങളില്‍ തലശ്ശേരിയുടെ തെരുവുകളിലൂടെ വെറുതെ നടക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും. ജീവിതത്തിന് ഇത്രയും നിറങ്ങള്‍ ഉണ്ടായിരുന്നോ എന്നു കൊതിപ്പിക്കുന്ന നാടാണ് എന്റെ തലശ്ശേരി. ഭക്ഷണവും വസ്ത്രങ്ങളും-ഇതു രണ്ടും അത്രമേല്‍ ആര്‍ഭാടപൂര്‍വവും സൗന്ദര്യാത്മകവുമാക്കി മാറ്റാന്‍ മത്സരിക്കുന്ന ഒരു കൂട്ടം വേറെയുണ്ടാവില്ല. തലശ്ശേരി പെരുന്നാളിലും അതു കാണാം.
ഒന്നിച്ചിരുന്നു തക്ബീര്‍ ചൊല്ലി, പായസം കുടിച്ചു കുട്ടികളെല്ലാവരും പടക്കം പൊട്ടിക്കാന്‍ ഇറങ്ങും. പൊട്ടലും ശബ്ദങ്ങളും വല്യ താല്‍പര്യമില്ലാത്ത ഞാനൊക്കെ വാഴയിലയില്‍ കുറച്ചു മൈലാഞ്ചിയുമായി ഉപ്പാപ്പന്റെയോ അമ്മായിമാരുടെയോ അടുത്ത് ചുറ്റിപ്പറ്റി നിക്കും. പഴയ കഥകളോടൊപ്പം മൈലാഞ്ചി ചിത്രങ്ങളെയും ആസ്വദിക്കാന്‍..
''ഞങ്ങളൊക്കെ ചെറുപ്പത്തില്‍ ഇന്നത്തെ പോലെ കോഴി ഫാമൊന്നും ഇല്ലല്ലോ. വല്യ കോഴിനെ കാലില്‍ തൂക്കിപ്പിടിച്ചു പള്ളിയില്‍ അറക്കാന്‍ കൊണ്ടുപോകും. ബിസ്മി കൂട്ടി തക്ബീര്‍ ചൊല്ലി കോഴിനെ അറുത്തു വാങ്ങിച്ചു കൊണ്ടുവന്നു വേണം കറിവയ്ക്കാന്‍. പപ്പും പൂടയും പറിച്ച് അയിനെ അടുപ്പത്ത് കയറ്റുമ്പോളേക്ക് ഒരു നേരാവും..'' ഉമ്മാമ്മ പറഞ്ഞുനിര്‍ത്തി.
പെരുന്നാളിന്റെ അന്നു രാവിലെ എഴുന്നേറ്റാല്‍ കുട്ടികളുടെ ആദ്യത്തെ പണി ഫിത്ര്‍ സകാത്തിന്റെ അരി എത്തിക്കലാണ്. ഉള്ള സൈക്കിളുകളെല്ലാം എടുത്ത് ഡബിള്‍സും, ട്രിപ്ള്‍സും ഒക്കെ ആയി അരിയും തൂക്കി തണുത്ത വെളുപ്പാന്‍ കാലത്ത് ഇറങ്ങും. ആവശ്യക്കാരന് അരി എത്തിച്ചതിനുശേഷമാണു ചായകുടിക്കലും പള്ളിയില്‍ പോക്കുമൊക്കെ. കുളിച്ചു പുതിയ ഉടുപ്പിട്ടുവന്നാണു ചായ കുടിക്കാനിരിക്കുക. മൊരിഞ്ഞ നെയ്പ്പത്തിലിലും ഇറച്ചിക്കറിയിലും തുടങ്ങുന്ന പെരുന്നാള്‍ പുതുമയുടെ ദിവസങ്ങള്‍.
ചായകുടി കഴിഞ്ഞു പുറത്തേക്കിറങ്ങും. അടുത്തുള്ള വീടുകളിലൊക്കെ പോയി, പുതിയ ഉടുപ്പ് കാണിച്ചുകൊടുത്ത്, എല്ലാ വീട്ടിന്നും പായസം കുടിച്ചു മത്തു പിടിച്ച് ഉച്ചവെയില്‍ മൂക്കുമ്പോള്‍ വീട്ടില്‍ തിരിച്ചെത്തും. അതിനു മുകളില്‍ ബിരിയാണി കൂടെ ആവുമ്പോഴേക്കു വയറും ഞങ്ങളും ക്ഷീണിക്കും. ഇച്ചിരി നേരം ഒന്നുറങ്ങി ഉഷാറായിട്ടു വേണം അടുത്ത അലച്ചില്‍ തുടരാന്‍. അധികം ഉറങ്ങിയാല്‍ പെരുന്നാള്‍ അങ്ങു പെട്ടെന്ന് തീര്‍ന്നുപോകുകയും ചെയ്യും.
''പണ്ടൊന്നും ബിരിയാണി ഇല്ല. നെയ്‌ച്ചോറും ഇറച്ചിക്കറിയും ആണ് സ്‌പെഷല്‍. തലശ്ശേരി ദം ബിരിയാണി ഒക്കെ ഇപ്പൊ വന്നതല്ലേ. നിന്റെ ഉപ്പാപ്പന്റെയും ഉമ്മാമാന്റെയും കല്യാണത്തിനാണ് ആദ്യായിട്ട് ഇന്നാട്ടില് ബിരിയാണി വന്നേ. പട്ടാളക്കാരനായ മരുമോന്റെ, ഉത്തരേന്ത്യക്കാരായ കൂട്ടുകാരെ സ്വീകരിക്കാന്‍ വല്യപ്പ ഏര്‍പ്പാടാക്കിയതാണ് അന്ന് ബിരിയാണി.'' വല്യമ്മയുടെ കഥകളില്‍ പലപ്പോഴും കേട്ടിട്ടുണ്ട് ഈ ബിരിയാണിക്കഥ.
''കല്യാണം കഴിഞ്ഞ ആദ്യത്തെ പെരുന്നാളിന് മൊഞ്ച് ഒട്ടും കുറച്ചില്ല. 'കുട്ട്യോളെ ഉപ്പ' പോയി എനിക്ക് ഉടുക്കാന്‍ നല്ല കളറ് 'പൊഞ്ചപ്പവും' തലയില്‍ വയ്ക്കാന്‍ 'പൂരണവും' ഒക്കെ കൊണ്ടുവന്നു തന്നിനേനും..'' കഥകള്‍ക്കിടയില്‍ അമ്മായിയുടെ മുഖത്ത് നാണം വന്നെത്തി നോക്കിപ്പോയി. ഞങ്ങളുടെ അന്ധാളിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു, അമ്മായി പൊഞ്ചപ്പം എന്താണെന്നു വിശദമാക്കി.
''ഒരേ കളറ് തട്ടവും മുണ്ടും, അതില് വട്ടത്തില്‍ കസവു വച്ചിട്ടുണ്ടാകും. അതാണ് പൊഞ്ചപ്പം. പൂരണം വച്ചു കെട്ടല് പിന്നെ അന്നത്തെ ഫാഷന്‍ അല്ലേ. വല്യ മുടി മെടഞ്ഞിട്ട് മുല്ലയൊക്കെ വയ്ക്കും.''
ഉമ്മാമ്മയുടെ അലമാരയിലെ ആല്‍ബത്തില്‍ പൊടിഞ്ഞുതുടങ്ങിയ പഴയൊരു പെരുന്നാള്‍ ചിത്രമുണ്ട്. മുണ്ടും കുപ്പായവും കണ്ണു നിറയെ കണ്‍മഷിയും കൈനിറയെ വളകളുമായി ചിരിച്ചുനില്‍ക്കുന്ന തലശ്ശേരി മൊഞ്ചത്തിമാരുടെ.. പൊഞ്ചപ്പം കഥ കേട്ടതോടെ ഇത്താത്തമാരുടെ ഒക്കെ ഓര്‍മകളുണര്‍ന്നു. 'ഏഴു സുന്ദരി തട്ടവും'(ഏഴു നിറങ്ങളുള്ള തട്ടം), ടിഷ്യു ചുരിദാറുമൊക്കെ ഓര്‍മകളുടെ വെളിച്ചത്തില്‍ ഒന്നുകൂടെ തിളങ്ങി.
എം.ബി.ബി.എസ് കാലത്താണ് തലശ്ശേരി പെരുന്നാളുകളെ പിരിഞ്ഞിരിക്കാന്‍ തുടങ്ങിയത്. ഓരോ പെരുന്നാളിനും പരീക്ഷകളോ പ്രാക്ടിക്കലുകളോ വില്ലനായി വരും. വൈറ്റ് റെസിഡന്‍സിയില്‍നിന്നും ഓര്‍ഡര്‍ ചെയ്തു വരുത്തുന്ന ബിരിയാണിയിലും പോണ്ടിച്ചേരി ബീച്ചിനെ മുഴപ്പിലങ്ങാട് ബീച്ചാക്കി മാറ്റിക്കൊണ്ടും ആ നഷ്ടങ്ങളെ പൂര്‍വാധികം ശക്തിയോടെ മറികടക്കും.
ജീവിതം എപ്പോഴും സുഖലോലുപവും സുന്ദരവും ആവണമെന്നില്ല. അരി കിട്ടാത്തതുകൊണ്ട് മാസങ്ങളോളം കപ്പ(മരച്ചീനി)പൊടിച്ചു തിന്നതും, കറിയില്ലാത്തതുകൊണ്ട് ചെറിയ ഉണക്കമീന്‍ തുണ്ടിന്റെ (അതും പത്തു പന്ത്രണ്ടു പേര്‍ക്കു പങ്കിട്ടെടുക്കേണ്ടി വരുന്ന വീടുകള്‍) മണം മാത്രം കൂട്ടി ചോറു തിന്നതും ഒക്കെ ഇടയ്ക്ക് ഉപ്പാപ്പയൊക്കെ ഓര്‍ത്തുപറയാറുണ്ട്. അനുഭവങ്ങള്‍ ജീവിതപാഠങ്ങളും, നല്ല ഓര്‍മകള്‍ ലഹരിയുമാണ്. എന്തൊക്കെ തന്നെ സംഭവിച്ചാലും ഏറ്റവും മനോഹരം നമ്മുടെ ജീവിതം തന്നെയാണ് എന്ന് ഓരോ ആഘോഷങ്ങളും, ഓരോ പെരുന്നാളുകളും ഓര്‍മിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."