തൃപ്പൂണിത്തുറയില്‍ ബസ് ടെര്‍മിനലിന് 10 കോടി
തൃപ്പൂണിത്തുറ: നഗരസഭയില്‍ 81.79 കോടി വരവും 76.42 കോടി ചെലവും 5.36 കോടി നീക്കിയിരിപ്പും കാണിക്കുന്ന 2017, 18 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. നഗരസഭയുടെ ഏറ്റവും വലിയ പദ്ധതിയായ റെയില്‍വെ സ്റ്റേഷനോടെ ചേര്‍ന്ന് നിര്‍മിക്കുന്ന സെന്‍ട്രല്‍ ബസ് ടെര്‍മിനലിന് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് 10 കോടി വകയിരുത്തികൊണ്ട് നഗര വികസന പദ്ധതികളുടെ ബജറ്റാണ് അവതരിപ്പിച്ചത്.
ആധുനിക ഷോപ്പിങ് മാള്‍ നിര്‍മിക്കാന്‍ രണ്ട് കൊടിയും ഗവ.ബോയ്‌സ് ഹൈസ്‌കൂളിന്റെ കളിസ്ഥലത്ത് ആധുനിക നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കാന്‍ രണ്ട് കൊടിയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സോളാര്‍ വൈദ്യുത പദ്ധതിക്ക് 1 കോടി, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനും സ്മാര്‍ട്ക്ലാസ് നിര്‍മാണത്തിനും ഒരു കോടി, സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നിര്‍മിച്ച് നല്‍കുന്നതിന് ഒരു കോടി, 2020 ഓടുകൂടി എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് രണ്ട് കോടി, ചെറുകിട കുടിവെള്ള പദ്ധതിക്ക് 75 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
നഗരത്തിലെ മുഴുവന്‍ വഴിവിളക്കുകള്‍ക്കും ഓട്ടോമാറ്റിക് ഓണ്‍ഓഫ് സ്വിച്ച് കണ്‍ട്രോള്‍ സ്ഥാപിക്കും. ഇതിനു 15 ലക്ഷം വകയിരുത്തി. നഗരസഭയിലെത്തുന്ന പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പെടുത്താന്‍ 25 ലക്ഷം, കണിയാമ്പുഴ മുതല്‍ പേട്ട വരെ തീരദേശ റോഡിന്റെ പ്രാരംഭ നടപടികള്‍ക്ക് അഞ്ച് ലക്ഷം, കല്ലുവച്ചക്കാട് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ 15 ലക്ഷം തുടങ്ങിയവയാണ് ബജറ്റിലെ മറ്റുനിര്‍ദ്ദേശങ്ങള്‍.
ബജറ്റ് അവതരണത്തിനായി ഇന്നലെ രാവിലെ 11 ന് ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒ.വി സലിം ബജറ്റ് അവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."