പാണ്ടിക്കുടിയിലെ വിദേശ മദ്യവില്‍പന: ജനകീയ പ്രതിഷേധം ശക്തമാകുന്നു
മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡ് വിദേശ മദ്യവില്‍പന ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് കാണിച്ച് നഗരസഭ കണ്‍സ്യൂമര്‍ ഫെഡ് മാനേജിംഗ് ഡയറക്ടര്‍ക്ക് നോട്ടിസ് നല്‍കി.നഗരസഭ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗമാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
നേരത്തേ മദ്യവില്‍പ്പന ശാലക്കുള്ള ഡി ആന്‍ഡ് ഒ ലൈസന്‍സ് നഗരസഭ നിഷേധിച്ചിരുന്നു. തുടര്‍ന്നും മദ്യശാല പ്രവര്‍ത്തിക്കുന്നുവെന്ന് കാണിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നോട്ടീസ്.
നഗരസഭയുടെ അനുവാദമില്ലാതെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് മുനിസിപ്പല്‍ ആക്ട് പ്രകാരം കുറ്റകരമായതിനാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. അല്ലാത്തപക്ഷം നഗരസഭ നേരിട്ട് അടച്ച് പൂട്ടുമെന്നും നോട്ടിസില്‍ പറയുന്നു.
അതേസമയം പൊലിസ് കാവലില്‍ ഇവിടെ മദ്യവില്‍പ്പന തുടരുകയാണ്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് ദിവസമായി നടന്ന് വരുന്ന റിലേ നിരാഹാരം 48 മണിക്കൂര്‍ നിരാഹാരമാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ആറ് മണിമുതല്‍ സമര സമിതി ഭാരവാഹികളിലൊരാളായ ജോമോന്‍ ചിറക്കല്‍ നിരാഹാരം തുടങ്ങി.
അതിനിടെ കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്യശാലയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു. ടി.വൈ.യൂസഫ്,കെ.എം.റഹീം,വി.എച്ച്.ഷിഹാബുദ്ധീന്‍,പി.എം.അസ്ലം,അജിത്ത് അമീര്‍ ബാവ,സി.ഇ.സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു.വൈകിട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും നടന്നു. അനധികൃത മദ്യശാല പൂട്ടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."