ലോകം നേരിടുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം
യുദ്ധങ്ങളും സംഘര്‍ഷങ്ങളും നയിക്കുന്നത് ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ മാത്രമായി മാറിയിരിക്കുകയാണ്. ലോകത്ത് അടുത്ത കാലത്ത് ഉണ്ടായ യുദ്ധങ്ങള്‍ മുഴുവന്‍ നമുക്കത് പറഞ്ഞുതരും. സാമ്രാജ്യത്വ ശക്തികള്‍ അവരുടെ ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കുന്നതു മൂലം നശിക്കുന്നതും ബലിയാടാകുന്നതും പാവം ജനതയാണെന്നു നമുക്ക് ചുറ്റും ഇന്ന് കാണാവുന്നതാണ്. ലോക പൊലിസ് ചമയുന്ന അമേരിക്കയും അവരെ കടത്തിവെട്ടാന്‍ വെമ്പല്‍ കൊള്ളുന്ന ശക്തി രാജ്യങ്ങളായ റഷ്യയും മറ്റു രാജ്യങ്ങളും തുടരുന്നത് ഒരേ നയം തന്നെ . ഇവിടെയാണ് മനുഷ്യന് ജീവിക്കാനുള്ള അവകാശത്തിന് എന്താണ് പോംവഴി ? എന്ന പ്രസക്തമായ ചോദ്യം ഉയരുന്നത്. നോക്കുകുത്തിയായി മാറിയ ഐക്യരാഷ്ട്ര സഭയും ഇന്ന് മനുഷ്യരുടെ ജീവന് വില കല്‍പ്പിക്കാത്ത നിലപാടിലേക്ക് മാറി വെറും മിണ്ടാപ്രാണിയായി മാറിയിരിക്കുന്നു.
ഇതിനിടയിലേക്കാണ് മാനുഷിക ദുരന്തത്തിന്റെ വ്യാപ്തി വിളിച്ചോതി പുതിയ കണക്കുകള്‍ പുറത്തു വരുന്നത്. ലോകം കണ്ടതില്‍ വെച്ചേറ്റവും ഭീതിതമായ ദുരന്തമാണ് ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തു വന്ന കണക്കുകള്‍ പ്രകാരം 20 മില്യണ്‍ ജനങ്ങളാണത്രെ ദുരിത ലോകത്ത് കഴിയുന്നത്. ഐക്യരാഷ്ട്ര സഭ രൂപീകൃതമായ 1945 മുതല്‍ ഇത്രയും ഭീതിതമായ കണക്കുകള്‍ പുറത്തു വന്നിട്ടില്ല. യുദ്ധത്തിന്റെ അനന്തര ഫലമായി കിട്ടിയ ഏക ലാഭം ഇതാണ്. പട്ടിണിയും, ക്ഷാമവുമായി ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് പ്രധാനമായും നാലു രാജ്യങ്ങളിലാണ് എന്നും യു.എന്‍ തന്നെ പറയുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ പേമാരി പോലെ ചൊരിയുന്ന ബോംബുകളുടെയും മറ്റു വിനാശകരമായ ആയുധങ്ങളുടെയും ശതമാനം മതിയാകും ലോകത്തിന്റെ വിശപ്പ് മാറ്റാന്‍.
ഇത്രയൊക്കെയാണെങ്കിലും അടുത്ത കാലത്തൊന്നും നിലവിലെ സ്ഥിതിയില്‍ നിന്നും മാറുമെന്ന ധാരണയും അസ്ഥാനത്താണ്. ദുരിതക്കയത്തില്‍ കഴിയുന്ന ലോക ജനത നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഭക്ഷ്യ പ്രതിസന്ധിയാണ് മാനുഷിക ദുരന്തത്തിലെ പ്രധാന പ്രശ്‌നമായ പട്ടിണി മരണം ആഗോള മഹാമാരിയായി പടരുകയാണെന്നതാണ് സത്യം. ഐക്യ രാഷ്ട്ര സഭയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം സഭ രൂപീകൃതമായ 1945 നു ശേഷം ലോകം ഏറ്റവും രൂക്ഷമായി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള തലത്തില്‍ ഇതിനെതിരേ ശക്തമായ രീതിയിലുള്ള കരുതല്‍ ഉണ്ടാവണമെന്നും യു. എന്‍ മനുഷ്യാവകാശ മേധാവി സ്റ്റീഫന്‍ ഒബ്രെയാന്‍ ലോക ജനതയോട് വിളിച്ചു പറയുകയും ചെയ്തത് മനുഷ്യത്വ രഹിതമായ സമീപനം സ്വീകരിക്കുന്നതില്‍ ലോക രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നുവെന്നതിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്.
നിലവില്‍ യുദ്ധം മൂലം കിടപ്പാടങ്ങള്‍ വരെ നഷ്ടപ്പെട്ടു തെരുവില്‍ അലയുന്ന മനുഷ്യക്കോലങ്ങള്‍ ഏറ്റവും കൂടുതലുള്ളത് യമന്‍, സൊമാലിയ, ദക്ഷിണ സുദാന്‍, നൈജീരിയ എന്നിവിടങ്ങളിലാണെന്നു ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ, ഇതിനോടൊപ്പം കൂട്ടിവായിക്കാനുള്ള ഇറാഖും സിറിയയും ഇവിടെ പരാമര്‍ശിക്കുന്നേയില്ല.ഇതാണ് ഐക്യരാഷ്ട്രസഭയുടെ ഇരട്ടത്താപ്പ്. മുകളില്‍ പറഞ്ഞ രാജ്യങ്ങളിലായി ഏകദേശം 2 കോടിജനങ്ങളാണത്രെ ദാരിദ്ര്യം മൂലം പട്ടിണിമരണത്തെ മുന്നില്‍ കണ്ടു ജീവിക്കുന്നത്. മാത്രമല്ല, 14 ലക്ഷം കുട്ടികളും പട്ടിണി മരണത്തിന്റെ വക്കിലാണെന്ന യൂനിസെഫ് റിപ്പോര്‍ട്ടും മനഃസ്സാക്ഷി മരവിക്കാത്ത മനസ്സുകള്‍ക്ക് ഏറെ ആശങ്കകള്‍ക്ക് ഇട നല്‍കുന്നതാണ്. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന യമനില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ടുശതമാനം പേരും പട്ടിണിയിലാണ്. ഓരോ പത്തു മിനുട്ടിലും മാരകരോഗം ബാധിച്ച് കുട്ടികള്‍ മരിച്ചുവീഴുന്നുവെന്നും അഞ്ചു വയസിനു താഴെയുള്ള അഞ്ചു ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം ദുരിതത്തിലാണെന്നും യു. എന്‍ രേഖകള്‍ ലോകത്തോട് വിളിച്ചു പറയുന്നുണ്ട്.
2015 മാര്‍ച്ചില്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഗവണ്‍മെന്റിനു വേണ്ടി ഹൂതികള്‍ക്കെതിരേ യുദ്ധം തുടങ്ങിയ ശേഷമാണ് ഇവിടെ സ്ഥിഗതികള്‍ മാറിമറിഞ്ഞത്. യു.എന്‍ നേതൃത്വത്തില്‍ ബില്യണ്‍ കണക്കിന് ദുരിതാശ്വാസ വസ്തുക്കള്‍ ഇവിടേക്ക് ഇടയ്ക്കിടെ എത്തിക്കുന്നതാണ് അല്‍പം ആശ്വാസം നല്‍കുന്ന കാര്യം. എന്നാല്‍ യു എന്‍ സൂചിപ്പിച്ച മറ്റു രാജ്യങ്ങളുടെ കാര്യം ഇതിലും പരിതാപകരമാണ്. ദക്ഷിണ സുദാനില്‍ പത്ത് ലക്ഷം പേരാണത്രെ പട്ടിണി മരണത്തെ അഭിമുഖീകരിക്കുന്നത്. പക്ഷെ, ഇവിടെ വില്ലനാകുന്നത് ആഭ്യന്തര യുദ്ധമാണ്. രാജ്യത്തെ 40 ശതമാനം പേരും പട്ടിണിയിലാണ്. വടക്ക് കിഴക്കന്‍ നൈജീരിയയില്‍ ബോക്കോഹറാമും സര്‍ക്കാരും തമ്മിലുള്ള ആക്രമണത്തില്‍ 75,000 കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കിലാണ്. 7.1 ദശലക്ഷം പേര്‍ നൈജീരിയയിലും ഛാഡ് മേഖലയിലുമായി ഭക്ഷ്യക്ഷാമം നേരിടുന്നവരാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സൊമാലിയയില്‍ 2.6 ലക്ഷം പേര്‍ പട്ടിണിമൂലം മരിച്ചുവെന്നാണ് കണക്ക്.
യു. എന്നിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു വെല്ലുവിളി ആദ്യമാണ്. ആഗോള സഹായം ലഭിച്ചില്ലെങ്കില്‍ ഇത്രയും പേരെ പട്ടിണി മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് ഐക്യ രാഷ്ട്ര സംഘം. പക്ഷെ, ഇതെല്ലം യു എന്‍ പറയുമ്പോഴും കുത്തക രാജ്യങ്ങളായ ലോക പൊലിസ് രാജ്യങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും രംഗത്തെത്താത്ത യു. എന്‍ ഇവര്‍ക്ക് കുട ചൂടുകയാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങള്‍ നശിപ്പിച്ചപ്പോള്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരെ കാണാന്‍ യു.എന്നിന് കഴിഞ്ഞിട്ടില്ല. അഫ്ഗാനിസ്ഥാനിലും, ഇറാഖിലും, മറ്റും അമേരിക്കയും സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ റഷ്യഅടക്കമുള്ള രാക്ഷസരാജ്യങ്ങള്‍ ഇടപെടല്‍ നടത്തിയ മുഴുവന്‍ രാജ്യങ്ങളിലും പട്ടിണി മരണങ്ങളും കുട്ടികളുടെയുടെയും സ്ത്രീകളുടെയും പീഡനങ്ങളും ഇവര്‍ കാണാതെ പോകുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടത്തെ ജനങ്ങള്‍ അതിന്റെ അലയൊലികള്‍ മൂലം ദുരിതക്കയത്തിലാണ്.
ലോക രാജ്യങ്ങളുടെ ഇപ്പോഴത്തെ അറവു ശാലയായ സിറിയയിലെ സ്ഥിതിയും അതി ദയനീയമാണ്. പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ ജനകീയ പ്രക്ഷോഭം ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറുകയും പിന്നീട് ശക്തി പ്രകടനത്തിനായുള്ള കളിക്കളമായി സിറിയയെ തിരഞ്ഞെടുക്കുകയുമായിരുന്നു. 2016 ല്‍ മാത്രം , 652 കുട്ടികളാണ് വ്യോമാക്രമണത്തിലും മറ്റുമായി കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയോളം പേരും മരിച്ചത് സ്‌കൂളില്‍ വെച്ചോ അതിന്റെ പരിസരത്തോ ആയിരുന്നുവെന്ന റിപ്പോര്‍ട്ടും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. പക്ഷെ, ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങള്‍ മാത്രമാണ് യുനിസെഫ് റിപ്പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആറു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന കെടുതികള്‍ വിവരിക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് യുനിസെഫ് പുറത്തു വിട്ടത്. 23 ലക്ഷം കുട്ടികള്‍ ഇതിനകം രാജ്യം വിടുകയും 28 ലക്ഷം പേര്‍ യുദ്ധം മൂലം പുറം ലോകം കാണാതെ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായും വെളിപ്പെടുത്തുന്നുണ്ട്. രാജ്യത്തെ മൂന്നില്‍ രണ്ട് കുട്ടികളും യുദ്ധത്തിന്റെ കെടുതികള്‍ ഏതെങ്കിലും തരത്തില്‍ അനുഭവിച്ചിട്ടുള്ളവരാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇത്തരം അനുഭവം മുമ്പുണ്ടായിട്ടില്ലെന്ന് യുനിസെഫ് റീജ്യനല്‍ ഡയറക്ടര്‍ ഗീര്‍ത്ത് കാപിലെറെ പറയുന്നു.
ഒരു ഭാഗത്തു ഭക്ഷണം ലഭിക്കാതെ പട്ടിണി മരണം നടക്കുമ്പോള്‍ മറുഭാഗത്ത് ആഡംബരത്തിന്റെ ഉന്നതിയില്‍ പട്ടിണിയെന്തെന്നറിയാതെ സുഖ ജീവിതം നയിക്കുന്ന രാജ്യങ്ങളും ഭരണാധികാരികളും വിരളമല്ല. അറബ് രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങള്‍ ഓരോ വര്‍ഷവും പാഴാക്കി ക്കളയുന്ന ഭക്ഷണത്തിന്റെ അളവ് 750 ബില്യണ്‍ ഡോളര്‍ വില വരും. ലോകത്താകമാനം 796 മില്യണ്‍ ആളുകള്‍ ഭക്ഷണ പ്രതിസന്ധി നേരിടുന്നുവെന്നാണ് കഴിഞ്ഞയാഴ്ച്ച പുറത്തു വന്ന മറ്റൊരു റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."