'ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍'
ഫറോക്ക്: ചട്ടങ്ങള്‍ പാലിക്കാതെ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് ഫറോക്ക് നഗരസഭയില്‍ നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാണെന്ന് ചെയര്‍പേഴ്‌സന്‍ ടി. സുഹറാബി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാര്‍ച്ച് മാസത്തില്‍ ജീവനക്കാരെ സ്ഥലംമാറ്റരുതെന്ന ചട്ടമുണ്ടായിരിക്കെ അതെല്ലാം അവഗണിച്ചു നഗരസഭാ സെക്രട്ടറി, ജെ.എസ്, അക്കൗണ്ടന്റ്, സെക്ഷന്‍ ക്ലര്‍ക് തുടങ്ങിയവരെ സ്ഥലം മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണ്.
നഗരസഭയിലെ ജനങ്ങളുടെ ഏറെനാളത്തെ ആവശ്യമായിരുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതി യു.ഡി.എഫിന്റെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമാകുന്നതില്‍ വിറളിപൂണ്ട സി.പി.എമ്മിന്റെ പകപോക്കലാണ് ഇതിനുപിന്നില്‍. 38-ാം ഡിവിഷനില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയെന്ന ഗൂഢലക്ഷ്യവും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു പിന്നിലുണ്ടെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസ്സന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ആസിഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."