ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദ ടവറിന്റെ പണി പുരോഗമിക്കുന്നു, അറുപത്തിനാലാം നിലയുടെ കോൺക്രീറ്റ് പൂർത്തിയായി
റിയാദ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ജിദ്ദ ടവറിന്റെ പണി പുരോഗമിക്കുന്നു. ഇതിനകം അറുപത്തിനാലാം നിലയുടെ കോൺക്രീറ്റ് പൂർത്തിയായതായി കെട്ടിടം ഉടമയായ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ അറിയിച്ചു. ജിദ്ദ ടവര്‍ പദ്ധതി നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചതിനെ കുറിച്ച് അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ആകെ 53 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് ടവർ ഉയരുന്നത്. ഇതിന്റെ ആദ്യ ഭാഗത്തിന് 13 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുണ്ട്. പദ്ധതിയിലെ പ്രധാന ഭാഗമാണ് ജിദ്ദ ടവര്‍. മുക്കാല്‍ ലക്ഷം മുതല്‍ ഒരു ലക്ഷം ആളുകള്‍ വരെ ജിദ്ദ ടവര്‍ പദ്ധതിയില്‍ താമസിക്കും. വെല്ലുവിളികളെല്ലാം തരണം ചെയ്ത് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും ജിദ്ദ ടവറിന്റെ 64-ാം നിലയുടെ വാര്‍പ്പ് ജോലികള്‍ പൂര്‍ത്തിയായെന്നും രാജകുമാരൻ പറഞ്ഞു.
ഇനിയുള്ള സമയം ഓരോ നാലു ദിവസത്തിലും ഒരു നിലയുടെ വീതം വാര്‍പ്പ് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. 42 മാസത്തിനുള്ളില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കും. പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ പണം കണ്ടെത്തിയിട്ടുണ്ട്. 800 ലേറെ മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് എത്തിക്കാന്‍ ലോകത്ത് ആദ്യമായി ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യ പദ്ധതിയില്‍ പ്രയോജനപ്പെടുത്തും. പദ്ധതി കോണ്‍ട്രാക്ടര്‍മാരായ സഊദി ബിന്‍ ലാദിന്‍ ഗ്രൂപ്പാണ് നിർമ്മാണം നടത്തുന്നത്.
അമേരിക്കന്‍ എന്‍ജിനീയര്‍ അഡ്രിയാന്‍ സ്മിത്ത് ആണ് നിരവധി സവിശേഷതകളോടെ ജിദ്ദ ടവര്‍ രൂപകല്‍പന ചെയ്തത്. ആയിരം മീറ്ററിലേറെ ഉയരമുള്ള ജിദ്ദ ടവറില്‍ 169 നിലകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അഡ്രിയാന്‍ സ്മിത്ത് ആന്റ് ഗോര്‍ഡന്‍ ഗില്‍ ആര്‍ക്കിടെക്റ്റ്സില്‍ നിന്നുള്ള ലോകോത്തര ആര്‍ക്കിടെക്റ്റുകളുമായും തോണ്‍ടണ്‍ ടോമസെറ്റി, ലംഗന്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരുമായും സഹകരിച്ച് ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ജിദ്ദ ടവര്‍ പദ്ധതി മാനേജ് ചെയ്യുന്നത്.
റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, വാണിജ്യ ഇടങ്ങള്‍, ഫോര്‍ സീസണ്‍സ് ഹോട്ടല്‍, ജിദ്ദയുടെയും ചെങ്കടലിന്റെയും സവിശേഷമായ കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന നിരീക്ഷണ ഡെക്ക് എന്നിവ ടവറില്‍ ഉള്‍പ്പെടുമെന്നത് ശ്രദ്ധേയമാണ്. 2018 ജനുവരിയിൽ ജിദ്ദ ടവര്‍ പദ്ധി നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചിരുന്നുവെങ്കിലും നിര്‍മാണ ജോലികള്‍ പുനരാരംഭിച്ചതായി കഴിഞ്ഞ ദിവസം കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."