ശാന്തം...വെടിയൊച്ചയില്ലാത്തൊരു രാവുറങ്ങി ഗസ്സക്കാര്‍; സഹായ ട്രക്കുകള്‍ എത്തിത്തുടങ്ങി
ഗസ്സ: 469 ദിവസം നീണ്ട ഇസ്‌റാഈലിന്റെ തുടര്‍ച്ചയായ ആക്രമണത്തിനൊടുവില്‍ ഗസ്സയില്‍ വെടിയൊച്ചയില്ലാതെ ഒരു ദിനം. നീണ്ട ഒന്നര വര്‍ഷത്തിന് ശേഷം അവര്‍ സുഖമായുറങ്ങി. തകര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രീറ്റ് ചീളുകള്‍ക്ക് മീതെ ബോംബുകള്‍ തീര്‍ത്ത പുകമറകള്‍ നീങ്ങിയ ആകാശത്ത് മിന്നിത്തുടങ്ങിയ നക്ഷത്രങ്ങളുടെ കാവലില്‍ നിനച്ചിരിക്കാതൊരു മരണത്തീപ്പൊരി തങ്ങള്‍ക്കു മേല്‍ പതിച്ചേക്കാമെന്നൊരു ഭീതിയില്ലാതെ.
ഈ രാവുണര്‍ന്നാല്‍ അവര്‍ക്കേറെ ചെയ്യാനുണ്ട്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് അവരുടെ ശേഷിപ്പുകള്‍ ചികഞ്ഞെടുക്കണം. കാണാതായിപ്പോയവരെ തെരയണം. ജീവന്റെ തുടിപ്പുകള്‍ എവിടെയെങ്കിലും ബാക്കിയായിട്ടുണ്ടോ എന്നന്വേഷിക്കണം. എല്ലാം കഴിഞ്ഞവര്‍ക്ക് അവരുടെ നാടിനെ പുനര്‍നിര്‍മിക്കണം. പഴയതിലും മനോഹരമായി.
വെടിനിര്‍ത്തലിന് ശേഷം ഗസ്സയില്‍ 62 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേതാണ് ഈ മൃതദേഹങ്ങള്‍. കോണ്‍ക്രീറ്റ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന 10,000 പേരുടെയെങ്കിലും മൃതദേഹം ഉണ്ടാകുമെന്നാണ് രക്ഷാ സംഘം അനുമാനിക്കുന്നത്. തെക്കന്‍ ഗസ്സയിലെ റഫ സിറ്റിയില്‍നിന്ന് 97 പേരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായി മെഡിക്കല്‍ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെയും 47 മൃതദേഹങ്ങള്‍ റഫയില്‍ കണ്ടെത്തിയിരുന്നു. ഇവ യൂറോപ്യന്‍ ഗസ്സ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 97 പേരുടെ മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് ഇതുവരെ ആശുപത്രിയിലെത്തിച്ചത്.
അതിനിടെ സഹായ ട്രക്കുകള്‍ ഗസ്സയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഗസ്സയില്‍ 915 ട്രക്കുകള്‍ പ്രവേശിച്ചതായി യു.എന്‍ മനുഷ്യാവകാശ സംഘം അറിയിച്ചു.
വെടിനിര്‍ത്തലിനു പിന്നാലെ നാട്ടിലേക്കുതിരികെ വരികയാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തവര്‍. തിരികെയെത്തുന്നത് കോണ്‍ക്രീറ്റ് കൂനകള്‍ നിറഞ്ഞ ഭൂമിയിലേക്കാണ്. എന്നാലും അവര്‍ ആഘോഷത്തിലാണ്. ഈതകര്‍ച്ചകളെ നോക്കി എങ്ങനെയാണ് അവരിത്രമേല്‍ ആഘോഷാരവം മുഴക്കുന്നതെന്ന സംശയം ഗസ്സക്ക് പുറത്തു നില്‍ക്കുന്നവരുടേത് മാത്രമാണ്. യുദ്ധങ്ങളിലേക്കും സ്‌ഫോടനങ്ങളിലേക്കും രക്തച്ചോരിച്ചിലിലേക്കും പിറന്നു വീണവരാണ് അവര്‍. സ്വാതന്ത്രത്തിന്റെ പുലരികള്‍ മാത്രം സ്വപ്‌നം കാണുന്നവര്‍. നാം അറിഞ്ഞതിനേക്കാളും സങ്കല്‍പിക്കുന്നതിനേക്കാളുമൊക്കെ ഏറെ മുകളിലാണ് അവരുടെ സ്വാതന്ത്ര്യദാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."