തൂക്കുകയർ കാത്ത് 40 പേര്‍; രണ്ട് സ്ത്രീകൾ, ഒരാള്‍ മരിച്ചു - ശിക്ഷാവിധി പ്രാബല്യത്തില്‍ വരാൻ ഹൈക്കോടതി അംഗീകരിക്കണം
കൊച്ചി:ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ വധശിക്ഷയക്ക് വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിലുള്ളത് രണ്ടു സ്ത്രീകളടക്കം 40 പ്രതികള്‍. ഒരാള്‍ ജയിലില്‍ മരണപ്പെട്ടതോടെ ശേഷിക്കുന്നത് 39 പേരാണ്. വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലെ പ്രതി റഫീഖാ ബീവിയാണ് മറ്റൊരു സ്ത്രീ. കൊല്ലം വിധുകുമാരന്‍ തമ്പി വധക്കേസിലെ പ്രതി തമ്പിയുടെ ഭാര്യ ബിനിതകുമാരിയെയും കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു.
മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ഈ കേസില്‍ ഇവരുടെ മകന്‍ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഒരു കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ ലഭിച്ച ഏക കേസാണിത്. ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലെ ബി.ജെ.പി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിലാണ്. 15പേര്‍ക്കാണ് ഈ കേസില്‍ വധശിക്ഷ വിധിച്ചത്.
ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ചുവയസുകാരി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും മൂക്കന്നൂര്‍ കൂട്ടക്കൊലയിലും പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസില്‍ എ.എസ്.ഐ ജിതകുമാറും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീകുമാര്‍ ജയില്‍ വാസത്തിനിടെ മരിച്ചിരുന്നു.
ഏറേ വിവാദമായിരുന്ന പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാം,വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. അതേസമയം വിചാരണ കോടതി വധശിക്ഷ വിധിച്ചുകഴിഞ്ഞാല്‍ വിധി പ്രാബല്യത്തില്‍ വരണമെങ്കില്‍ ഹൈക്കോടതി ഉത്തരവ് അംഗീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."