ഗാസയിലെ വെടി നിർത്തൽ കരാറിന് ഇസ്രാഈൽ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം
ടെൽ അവീവ്: 15 മാസമായി തുടരുന്ന ഇസ്രാഈൽ - ഹമാസ് യുദ്ധത്തിനു താത്കാലിക വിരാമം ഇടാൻ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം. വെടി നിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിനു ഇസ്രാഈൽ മന്ത്രിസഭയുടെ ഉന്നത സുരക്ഷാ സമിതി അംഗീകാരം നൽകി. 33 അംഗ സമ്പൂർണ മന്ത്രി സഭ കൂടി ഇനി കരാറിനു അംഗീകാരം നൽകേണ്ടതുണ്ട്. ഭൂരിപക്ഷം അംഗങ്ങളും അനുകൂലിക്കുമെന്നു തന്നെയാണ് പ്രതീക്ഷക്കുന്നത്.
ഹമാസ് കരാർ ലംഘിച്ചാൽ ഇസ്രാഈൽ യുദ്ധത്തിലേക്ക് മടങ്ങും. അമേരിക്കയുടെ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നു തനിക്കു ഉറപ്പു ലഭിച്ചതായി ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാ ക്യാബിനറ്റിൽ പറഞ്ഞു. കരാർ പ്രാബല്യത്തിൽ വന്നാൽ ബന്ദികളെ ഞായറാഴ്ച പുലർച്ചെ മുതൽ മോചിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നതായും നെതാന്യാഹു വ്യക്തമാക്കി.
ബന്ദികളെ സ്വീകരിക്കാനും അവർക്കു വേണ്ട ചികിത്സ ഉറപ്പാക്കാനുമുള്ള സൗകര്യം ഇസ്രാഈൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദീർഘ കാലത്തേക്ക് ബന്ദികളായവർക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. നാല് ദിവസമെങ്കിലും ചുരുങ്ങിയത് ഇവരെ ആശുപത്രിയിൽ താമസിപ്പിക്കുന്നതിനുള്ള നിർദ്ദേശവും നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎസ് പിന്തുണയിൽ ഈജിപ്റ്റും ഖത്തറും മധ്യസ്ഥം വഹിച്ച് മാസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടി നിർത്തൽ സാധ്യമാകുന്നത്. ഖത്തറാണ് ചർച്ചയിൽ മുഖ്യമായി മധ്യസ്ഥം വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."