സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്? ഇന്ത്യക്ക് വമ്പൻ തിരിച്ചടി
ബാംഗ്ലൂർ: ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. പരുക്കിന്റെ പിടിയിലായ ബുംറക്ക് ഈ മേജർ ടൂർണമെന്റ് നഷ്ടമാവാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരത്തിൽ ബുംറക്ക് പരുക്ക് പറ്റിയിരുന്നു. ഇതിനു പിന്നാലെ താരം മത്സരം പൂർത്തിയാക്കാതെ കളം വിടുകയായിരുന്നു.
പരുക്കിന് പിന്നാലെ നിലവിൽ ബുംറക്ക് ശക്തമായ പുറം വേദന അനുഭവപ്പെടുന്നുണ്ടെന്നും ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാൻ ബുംറയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിക്കാനുള്ള സമയപരിധി ജനുവരി 12 വരെയാണ് ഉള്ളത്. എന്നാൽ ടീമിനെ പ്രഖ്യാപിക്കാനുള്ള തീയ്യതി നീട്ടണമെന്ന് ബിസിസിഐ അഭ്യർത്ഥിച്ചുവെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ റിസർവ് ടീമിൽ ബുംറയെ ഉൾപ്പെടുത്താനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഈ സമയമാവുമ്പോഴേക്കും ബുംറ പരിക്കിൽ നിന്നും മുക്തി നേടിക്കൊണ്ട് ടീമിന്റെ ഭാഗമാകുമോ എന്നും കണ്ടുതന്നെ അറിയണം.
ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ദയ്‌ക്കൊപ്പം ഗ്രൂപ്പിൽ ഉള്ളത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. വരാനിരിക്കുന്ന ദിവസങ്ങളിൽ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."