വരുൺ ചക്രവർത്തി ടീമിലെത്തിയാൽ അവൻ പ്ലെയിങ് ഇലവനിൽ നിന്നും പുറത്താകും: ആകാശ് ചോപ്ര
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തി ഇടം നേടുമെന്ന ശക്തമായ വാർത്തകളാണ് ഇപ്പോൾ നിലനിക്കുന്നത്. വരുൺ ചക്രവർത്തി ടീമിൽ ഇടം നേടുകയാണെങ്കിൽ ഏത് താരമായിരിക്കും പുറത്താവുക എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വരുൺ ചക്രവർത്തി ടീമിൽ എത്തിയാൽ രവീന്ദ്ര ജഡേജ പുറത്തായേക്കുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ചോപ്ര.
'വരുൺ ചക്രവർത്തി ഒരുപാട് വിക്കറ്റുകൾ വീഴ്ത്തുന്നു. വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. രാജസ്ഥാനെതിരെ അഞ്ച് വിക്കറ്റുകൾ നേടി. തുടർച്ചയായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. അദ്ദേഹം ഓരോ തവണയും വിക്കറ്റുകൾ വീഴ്ത്തുന്നു. വരുൺ ചക്രവർത്തിയെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ തെരഞ്ഞെടുക്കുമെന്ന് വാർത്തകൾ കേൾക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ ജഡേജ പുറത്താവുമെന്നാണ് തോന്നുന്നത്. അങ്ങനെ നടന്നാൽ വരുൺ ചക്രവർത്തിയെ ഇലവനിൽ കാണാൻ സാധ്യതയുണ്ട്. ജഡേജക്ക് പകരം അക്‌സർ പട്ടേലും ഉണ്ടായേക്കാം,' ആകാശ് ചോപ്ര പറഞ്ഞു.
ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."