പി.എം.എ.വൈ പദ്ധതി: കലക്ടറേറ്റ് കയറിയിറങ്ങണം; വീടൊരുക്കാൻ പെടാപാട്
നീലേശ്വരം: എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഭവന നിർമാണ പദ്ധതിയിൽ (പി.എം.എ.വൈ) വീട് അനുവദിക്കപ്പെട്ട സംസ്ഥാനത്തെ പതിനായിരക്കണക്കിന് ഗുണഭോക്താക്കൾ പ്രതിസന്ധിയിൽ. വീട് അനുവദിച്ചവർക്ക് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് എൻ.ഒ.സി അനുവദിക്കാനുള്ള അധികാരം സർക്കാർ പിൻവലിച്ചതോടെയാണ് ഗുണഭോക്താക്കൾ വെട്ടിലായത്.
ഇപ്പോൾ എൻ.ഒ.സി നൽകാനുള്ള അധികാരം ജില്ലാ കലക്ടർക്കാണ്. ഈ അപേക്ഷകൾ വേഗത്തിൽ പരിശോധിക്കാൻ കലക്ടർമാർക്ക് കഴിയുന്നില്ല. മാത്രവുമല്ല, ഇതിനായി പലവട്ടം ജില്ലാ ആസ്ഥാനത്തേക്ക് പോകാൻ ഗുണഭോക്താക്കൾക്കും ബുദ്ധിമുട്ടാണ്. നിലവിൽ വീട് അനുവദിക്കപ്പെട്ട പകുതിയിലേറെയും പേർക്ക് നേരത്തെ എൻ.ഒ.സി കിട്ടുകയും അവർക്ക് വായ്പ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, സർക്കാരിന്റെ പുതിയ ഉത്തരവോടെ ഇതേ പദ്ധതിയിൽ അവശേഷിക്കുന്നവർക്ക് എൻ.ഒ.സി ലഭിച്ചിട്ടില്ല.
നാലു ലക്ഷം രൂപയാണ് പി.എം.എ.വൈ പദ്ധതിയിലൂടെ വീട് പണിയാൻ സർക്കാരുകൾ നൽകുന്നത്. ഈ തുക കൊണ്ട് വീട് നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഭൂരിപക്ഷം പേരും എൻ.ഒ.സി വാങ്ങി ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് വീട് നിർമാണം പൂർത്തീകരിക്കുന്നത്. ഇപ്പോൾ എൻ.ഒ.സി ലഭിക്കാത്തതിനാൽ മിക്ക ഗുണഭോക്താക്കളുടെയും വീട് പണി പാതിവഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."