റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികള്‍ പിടിയില്‍
പത്തനംതിട്ട: റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവര്‍ പിടിയിലായിരിക്കുന്നത്. ബിവറേജസിന് മുന്നിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം ചെത്തോങ്കര സ്വദേശി അമ്പാടിയെ കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് അമ്പാടിയെ കാറിടിക്കുന്നത്. റോഡപകടത്തില്‍ മരണപ്പെട്ടതായാണ് ആദ്യം പൊലിസ് കരുതിയത്. പിന്നീടാണ് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും കൊലപാതകമാണെന്നും വ്യക്തമായത്.
റാന്നി ഇട്ടിയപ്പാറ ബവ്റിജസ് ഔട്ട്‌ലെറ്റിലെ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടാണ് അമ്പാടിയും പ്രതികളും തര്‍ക്കമുണ്ടായത്. തുടര്‍ന്ന് ഇവിടെനിന്ന് മന്ദമരുതിയിലേക്കു പോയ അമ്പാടി കാറില്‍നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്നു. പിന്നാലെ കാറില്‍വന്ന പ്രതികള്‍ അമ്പാടിയെ ഇടിച്ചുവീഴ്ത്തി. അമ്പാടിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. പരുക്കേറ്റ അമ്പാടിയെ പ്രതികള്‍ തന്നെയാണ് കാറില്‍ കയറ്റി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇയാള്‍ രാത്രിയോടെ മരിച്ചു.
ഇതിനുശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നാലെ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."