വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം
റിയാദ്: സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം. കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാൻ മുഴുവൻ തായ്യാറെടുപ്പുകളും പൂർത്തിയാക്കി ആരാച്ചാർ വാൾ ഊരി ഉയർത്തിപ്പോഴാണ് രണ്ടാം ജന്മം നൽകി ആ മാപ്പ് നൽകലിന്റെ അശരീരി അന്തരീക്ഷത്തിൽ ഉയർന്നത്. ഇതോടെ, പിന്നീട് തക്ബീർ വിളികളും ആഹ്ലാദ കരച്ചിലുമായിരുന്നു. സഊദിയിലെ തബുക്കിലാണ് ഇന്ന് സംഭവം നടന്നത്.
തബൂക്കില്‍ വധശിക്ഷ നടപ്പാക്കുന്ന ചത്വരത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. ആരാച്ചാരുടെ വാള്‍തലപ്പില്‍നിന്ന് അവസാന നിമിഷത്തിൽ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സഊദി യുവാവ് അബ്ദുറഹ്മാന്‍ അല്‍ബലവി. ശിക്ഷ നടപ്പാക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രതിയായ അബ്ദുറഹ്മാന്‍ അല്‍ബലവിക്ക് കൊല്ലപ്പെട്ട സഊദി യുവാവിന്റെ പിതാവ് നിരുപാധികം മാപ്പ് നല്‍കുന്നതായി പ്രഖ്യാപിച്ചത്.
ഇന്നലെ രാവിലെ പ്രതിയെ കനത്ത സുരക്ഷാ ബന്തവസ്സില്‍ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ അടക്കം വന്‍ ജനാവലി പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള അന്തിമ ഒരുക്കങ്ങള്‍ സുരക്ഷാ വകുപ്പുകള്‍ പൂർത്തിയാക്കുകയും ചെയ്തു. ഇതോടെ, ഊരിപ്പിടിച്ച വാളുമായി ആരാച്ചാര്‍ മുന്നോട്ടുവരികയും ചെയ്തതോടെയാണ് എല്ലാവരെയും സ്തബ്ധരാക്കി ആ ശബ്ദം അന്തരീക്ഷത്തിൽ ഉയർന്നത്. പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കുന്നതായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു. ഇത് കേട്ടതോടെ ശിക്ഷ കാണാനെത്തിയ ജനക്കൂട്ടം ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേക്ക് ഓടിയണയുകയും തക്ബീര്‍ ധ്വനികളും തഹ്‌ലീലും മുഴക്കി ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതിക്ക് മാപ്പ് നല്‍കുന്നതിനു പകരം ഭീമമായ തുക ദിയാധനമായി കൈമാറാമെന്ന നിരവധി ഓഫറുകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതെല്ലാം നിരാകരിച്ച അബ്ദുല്ലത്തീഫ് അല്‍റുബൈലി അല്‍അതവി പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. പൗരപ്രമുഖര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങളെല്ലാം വിഫലമായതോടെയാണ് പ്രതിക്ക് വധശിക്ഷ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. കോടതി വിധിച്ച വധശിക്ഷ ശിക്ഷ അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ രാജാവ് അനുമതി നല്‍കുകയും ചെയ്തതോടെ അതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."