കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രിസ്മസ് പരീക്ഷക്ക് മുന്‍പ് പേപ്പര്‍ ചോര്‍ന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് കടുത്ത അപമാനമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സംഭവത്തിന് പിന്നില്‍ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും സി.പി.ഐ നേതാവ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിദ്യാഭ്യാസ വിചക്ഷണരുടെയും അധ്യാപക വിദ്യാര്‍ഥി സംഘടനകളുടെയും അടിയന്തരയോഗം വിളിച്ചു കൂട്ടണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം പരീക്ഷകളെ രക്ഷിക്കാന്‍ ബദല്‍ വഴികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും പറഞ്ഞു. മാത്രമല്ല കാണാതെ പഠിച്ച് പരീക്ഷ എഴുതുന്ന സമ്പ്രദായം മാറ്റണമെന്നും, വിദ്യാര്‍ഥിയുടെ യഥാര്‍ഥ അറിവളക്കാന്‍ ഉതകുന്ന പരീക്ഷ സമ്പ്രദായങ്ങള്‍ കണ്ടെത്തണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് തുറന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി രംഗത്തെത്തിയത്. എസ്.എസ്.എല്‍.സി ഇംഗ്ലീഷ് പരീക്ഷയുടെയും, പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും പേപ്പറുകളാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ട്യൂഷന്‍ സെന്ററുകള്‍ മുഖേന യൂട്യൂബ് ചാനലുകളിലേക്ക് പേപ്പര്‍ എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
വിഷയത്തില്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്നും, ഇതിന് വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകര്‍ കൂട്ടു നിന്നിട്ടുണ്ടെങ്കില്‍ പിടികൂടി ശിക്ഷിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
disgrace to Keralas education sector Action must be taken regardless Binoy Vishwam on question paper leak
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."