വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു
തിരുവനന്തപുരം: വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്. വിവിധ ബസ് ഡിപ്പോകളില്‍ വൈദ്യത വാഹനങ്ങള്‍ക്കായി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. വൈദ്യുത വാഹനങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കുന്നതിനാല്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്ന കണക്ക് കൂട്ടലിലാണ് കെ.എസ്.ആര്‍.ടി.സി.
ഇ.വി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ബസ് ഡിപ്പോയിലെ രണ്ട് സെന്റ് സ്ഥലം സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പാട്ടത്തിന് നല്‍കും. ഒരു ചാര്‍ജറിന് 500 യൂണിറ്റ് വൈദ്യുതി ചാര്‍ജിന്റെ വിലയില്‍ കുറയാത്ത നിശ്ചിത പ്രതിമാസ വാടക ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
73 ഡിപ്പോകളിലും 20 ഓപ്പറേറ്റിങ് സെന്ററുകളിലുമാണ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ഇവിടങ്ങളില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇതില്‍ എറണാകുളം ബസ് സ്റ്റേഷനും ഉള്‍പ്പെടുന്നു. ആദ്യഘട്ടം മൂന്നാര്‍, വിതുര, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്ന് ബസ് സ്റ്റേഷനുകളില്‍ ഉടന്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്റെ ഡിസൈന്‍, ഇന്‍സ്റ്റാളേഷന്‍, ഓപറേഷന്‍, മെയിന്റനന്‍സ്, മാനേജ്മെന്റ് എന്നിവയ്ക്കായി താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. സ്വകര്യ ഓപറേറ്റര്‍മാര്‍ ആവശ്യപ്പെട്ട ഡിപ്പോകളില്‍ സംയുക്ത പരിശോധന കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് നടത്തും. പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണെങ്കില്‍ മാത്രമേ സ്ഥലം അനുവദിക്കൂ. കെ.എസ്.ഇ.ബിയില്‍ നിന്ന് പുതിയ ഹൈ ടെന്‍ഷന്‍ (എച്ച്.ടി) അല്ലെങ്കില്‍ ലോ ടെന്‍ഷന്‍ (എല്‍.ടി) സര്‍വിസ് കണക്ഷന്‍ എടുക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്തമായിരിക്കും.
നേരത്തെ കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ഫ്യുവല്‍ ഔട്ട്ലെറ്റുകള്‍ ഇപ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ഇന്ധനച്ചെലവിനായി 215 കോടി രൂപയുടെ അധിക ബാധ്യത ഇതുവഴി ഒഴിവാക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."