വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth
ന്യൂഡല്‍ഹി: വി.എച്ച്.പി യോഗത്തില്‍ പങ്കെടുത്ത് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം പ്രസംഗിക്കുകയും ഭരണഘടനാവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ നീക്കം തുടങ്ങി ഇന്‍ഡ്യാ സഖ്യം.
രാജ്യസഭാംഗവും സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അധ്യക്ഷനുമായ കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് ജഡ്ജിയെ കുറ്റവിചാരണനടത്താനുള്ള (ഇംപീച്ച്‌മെന്റ്) നീക്കം തുടങ്ങിയത്. പ്രമേയം അവതരിപ്പിക്കുന്നതിനുള്ള നോട്ടിസില്‍ 36 പ്രതിപക്ഷ എം.പിമാര്‍ ഒപ്പിട്ടു. കൂടുതല്‍ എം.പിമാരുടെ ഒപ്പുകള്‍ ശേഖരിച്ച് ഇന്ന് നോട്ടിസ് നല്‍കാനാണ് തീരുമാനം.
കോണ്‍ഗ്രസ് എം.പിമാരായ ദിഗ് വിജയ് സിങ്, ജയറാം രമേശ്, വിവേക് തന്‍ഖ, ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിങ്, തൃണമൂലിന്റെ സാകേത് ഗോഖലെ, സാഗരിക ഘോഷ്, ആര്‍.ജെ.ഡിയുടെ മനോജ് കുമാര്‍ ഝാ, എസ്.പിയുടെ ജാവേദ് അലി ഖാന്‍, സി.പി.എമ്മിന്റെ ജോണ്‍ ബ്രിട്ടാസ്, സി.പി.ഐയുടെ സന്തോഷ് കുമാര്‍ തുടങ്ങിയ എം.പിമാരാണ് ഇതിനകം പ്രമേയത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
ഇന്‍ഡ്യാ സഖ്യത്തിന് രാജ്യസഭയില്‍ 85 എം.പിമാരാണുള്ളത്. ബി.ജെ.പിയുടേയും സര്‍ക്കാറിന്റേയും പിന്തുണയുണ്ടെങ്കില്‍ മാത്രമേ നിലവിലെ സ്ഥിതിയില്‍ ജഡ്ജിമാരെ നീക്കുന്നതിനുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കാന്‍ സാധിക്കൂ.
ഭരണഘടനയുടെ 124 (4) വകുപ്പുകള്‍ പ്രകാരം ഇംപീച്ച്‌മെന്റിനുള്ള പ്രമേയം പാസാകണമെങ്കില്‍ ഇരുസഭകളിലെയും മൂന്നില്‍ രണ്ട് അംഗങ്ങള്‍ പിന്തുണയ്ക്കണം. ഇരുസഭകളിലും എന്‍.ഡി.എക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം ലോക്‌സഭയിലോ രാജ്യസഭയിലോ പാസാകാന്‍ സാധ്യതയില്ല.
ജഡ്ജിസ് (എന്‍ക്വയറി) ആക്ടിലെ സെക്ഷന്‍ 3(1)(ബി) പ്രകാരം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (4), 124 (5) എന്നിവയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് നോട്ടിസ് ആവശ്യപ്പെടുന്നത്. നോട്ടിസിനൊപ്പം ജസ്റ്റിസ് യാദവിന്റെ വിവാദ പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പുകളും ട്രാന്‍സ്‌ക്രിപ്റ്റുകളും അതേക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളുടെ ലിങ്കുകളും ചേര്‍ക്കുമെന്നും ഇന്‍ഡ്യാ സഖ്യം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
നടപടി ഇങ്ങനെ
1968ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് പ്രകാരം ലോക്‌സഭയില്‍ കുറഞ്ഞത് 100 അംഗങ്ങളും രാജ്യസഭയില്‍ 50 അംഗങ്ങളും ഒപ്പിട്ടാണ് ജഡ്ജിക്കെതിരെ പരാതി നല്‍കേണ്ടത്.
എം.പിമാര്‍ നോട്ടിസ് സമര്‍പ്പിച്ചാല്‍ സഭയുടെ പ്രിസൈഡിങ് ഓഫിസര്‍ക്ക് അത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.
നോട്ടിസ് അംഗീകരിക്കപ്പെട്ടാല്‍ പരാതി അന്വേഷിക്കാനും ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിക്കാനും രണ്ട് ജഡ്ജിമാരും ഒരു നിയമജ്ഞനും അടങ്ങുന്ന മൂന്നംഗ സമിതി രൂപീകരിക്കും.
ഹൈക്കോടതി ജഡ്ജിക്കെതിരായ പരാതിയാണെങ്കില്‍ സുപ്രിംകോടതിയിലെ ഒരു ജഡ്ജിയും ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരിക്കും സമിതിയില്‍.
സുപ്രിംകോടതി ജഡ്ജിക്കെതിരെയാണ് പരാതിയെങ്കില്‍ രണ്ട് സുപ്രിം കോടതി ജഡ്ജിമാര്‍ സമിതിയില്‍ ഉള്‍പ്പെടും.
ആകെ 6 നീക്കം; മൂന്നുപേര്‍ക്ക് സ്ഥാനനഷ്ടം
സ്വതന്ത്ര ഇന്ത്യയില്‍ സിറ്റിങ് ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനുള്ള ആകെ ആറു ശ്രമങ്ങളാണ് നടന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ നാല് ശ്രമങ്ങളും സുപ്രിംകോടതി ജഡ്ജിമാരെ പുറത്താക്കാന്‍ രണ്ട് ശ്രമങ്ങളും നടന്നു. എസ്.കെ ഗംഗിലീ (മധ്യപ്രദേശ് ഹൈക്കോടതി), ജെ.ബി പര്‍ദിവാല (ഗുജറാത്ത് ഹൈക്കോടതി), ജസ്റ്റിസ് സൗമിത്ര സെന്‍ (കല്‍ക്കട്ട ഹൈക്കോടതി), പി.ഡി ദനകരന്‍ (കേരള ഹൈക്കോടതി) എന്നിവരാണ് ഇംപീച്ച് നേരിട്ടത്.
ഇതില്‍ ദിനകരനും സൗമിത്ര സെന്നും രാജിവച്ചു. സുപ്രിംകോടതി ജഡ്ജി വി.രാമസ്വാമിയാണ് ഇംപീച്ച് നടപടി നേരിട്ട ആദ്യ ജഡ്ജി. ഇംപീച്ച്‌മെന്റ് നീക്കം വിജയിച്ചു. അവസാനമായി 2018ല്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരെയാണ് നീക്കമുണ്ടായത്. അത് പരാജയപ്പെട്ടു.
ജഡ്ജിയുടെ വിവാദപരാമര്‍ശങ്ങള്‍:
നമ്മുടെ കുഞ്ഞുങ്ങളെ ചെറുപ്പത്തില്‍ തന്നെ വേദങ്ങളും മന്ത്രങ്ങളും പഠിപ്പിക്കണം. അപ്പോള്‍ അവര്‍ക്ക് സഹിഷ്ണുത ഉണ്ടാകും. അവരുടെ (മുസ്ലിംകള്‍) മക്കള്‍ ചെറുപ്പത്തില്‍ തന്നെ മൃഗങ്ങളെ കൊല്ലുന്നതാണ് കാണുന്നത്. അതുകൊണ്ട് അവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? അവര്‍ ദയാലുക്കളും ഉദാരമതികളും ആകില്ല. ഹിന്ദു വേദങ്ങളില്‍ സ്ത്രീ ദേവതയാണ്. വേദം പഠിച്ചവരാരും സ്ത്രീയോട് മോശമായി പെരുമാറില്ല. അതിനാല്‍ നാം ആരും നാല് ഭാര്യമാരെ വേണമെന്ന് ആവശ്യപ്പെടില്ല. നികാഹ് ഹലാലക്കും മുത്വലാഖിനും വേണ്ടിയും വാദിക്കില്ല. തുല്യതയും ലിംഗസമത്വവും ഉറപ്പാക്കുന്ന ഏക സിവില്‍ കോഡ് ഉടന്‍ നടപ്പിലാകും. ആര്‍.എസ്.എസും വി.എച്ച്.പിയും മാത്രമല്ല സുപ്രിംകോടതിയും ഏക സിവില്‍ കോഡിന് അനുകൂലമാണ്.
ഹിന്ദുവെന്ന നിലക്ക് ഞാന്‍ എന്റെ മതത്തെ ആദരിക്കുന്നു. എനിക്ക് മറ്റു മതങ്ങളോട് വിദ്വേഷമില്ല. വിവാഹിതരാകുമ്പോള്‍ നിങ്ങള്‍ അഗ്‌നിക്ക് ചുറ്റും ഏഴുതവണ ചുറ്റണമെന്നും ഗംഗയില്‍ സ്‌നാനം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ ഇന്ത്യയുടെ സംസ്‌കാരത്തെയും ദൈവങ്ങളെയും ഞങ്ങളുടെ മഹാന്‍മാരായ നേതാക്കളെയും അനാദരിക്കരുതെന്നാണാണ് നിങ്ങളോട് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്.
മുസ്ലിം സമുദായത്തിലെ എല്ലാ അംഗങ്ങളും മോശക്കാരല്ല. പക്ഷേ രാജ്യം പുരോഗമിക്കുന്നത് ആഗ്രഹിക്കാത്ത ചില വിവരമില്ലാത്ത മുല്ലമാര്‍ ഉണ്ട്. ഈ വാക്ക് അനുചിതമായിരിക്കാം. പക്ഷേ അത് പറയാന്‍ ഒരു മടിയുമില്ല. കാരണം വിവരമില്ലാത്ത മുല്ലമാര്‍ രാജ്യത്തിന് ഹാനികരമാണ്.
India alliance to impeach judge who made hate speech
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."