നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകള്‍ കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നല്‍കിയത്.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹരജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.
കേസില്‍ ഇതുവരെയുള്ള വിചാരണ നടപടികള്‍ അടച്ചിട്ട കോടതിമുറിയിലായിരുന്നു. കേസില്‍ സാക്ഷിവിസ്താരമടക്കം പൂര്‍ത്തിയായിരുന്നു. അന്തിമവാദം വ്യാഴാഴ്ച്ച തുടങ്ങാനിരിക്കെയാണ് പുതിയ നീക്കവുമായി അതിജീവിത രംഗത്തെത്തിയത്.
വാദം തുടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. സാക്ഷിമൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷന്‍ വാദമാണ് ആദ്യത്തേത്. തുടര്‍ന്ന് പ്രതിഭാഗം മറുപടി നല്‍കും. കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരേ തെളിവില്ലെന്ന മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരേ അതിജീവിത കോടതിയലക്ഷ്യ ഹരജി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."