കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി
കൊച്ചി: കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. കെ ശിവപ്രസാദിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി.സംസ്ഥാന സർക്കാർ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രൊഫ. കെ ശിവപ്രസാദിനു നോട്ടീസ് അയച്ചു.
സർക്കാർ പട്ടികയിൽ നിന്നു നിയമനം വേണമെന്ന സർവകലാശാല ചട്ടം ഗവർണർ ലംഘിച്ചെന്നായിരുന്നു സർക്കാർ ഉന്നയിച്ച വാദം. എന്നാൽ ഈ പാനലിൽ യോഗ്യത ഉള്ളവർ ഉണ്ടായിരുന്നില്ലെന്നും സർവകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നൽകി യോഗ്യത ഉള്ള ആളെ നിയമിച്ചതെന്നും ഗവർണർ കോടതിയെ അറിയിച്ചത്.
വൈസ് ചാൻസലർ ഇല്ലാത്ത സാഹചര്യം അനുവദിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് സ്റ്റേ ആവശ്യം നിരസിച്ചത്.
വിസിയുടെ ചുമതല വഹിച്ചിരുന്ന ഡിജിറ്റൽ വിസി ഡോ. സജി ഗോപിനാഥ് കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രൊഫ. കെ ശിവപ്രസാദിനു ചുമതല നൽകിയത്. ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പിആർ ഷാലിജ്, ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണ് സർക്കാർ നൽകിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."