സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു
ലഖ്‌നൗ: സംഘ്പരിവാര്‍ അവകാശവാദമുന്നയിക്കുന്ന ഉത്തര്‍പ്രദേശിലെ സംഭല്‍ ഷാഹി മസ്ജിദില്‍ നടത്തുന്ന സര്‍വേക്കെതിരേ പ്രതിഷേധിച്ച അഞ്ചുപേരെ വെടിവച്ചുകൊന്ന പ്രദേശത്തേക്ക് സന്ദര്‍ശനത്തിന് പുറപ്പെട്ട ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ എം.പിമാരടങ്ങുന്ന സംഘത്തെ തടഞ്ഞു. ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, ഹാരിസ് ബീരാന്‍, കെ. നവാസ് കനി എന്നിവരടങ്ങുന് സംഘമാണ് സംഭലിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍വച്ച് ഇവരെ തടയുകയായിരുന്നു. ഇന്ന് ഉച്ചക്കാണ് സംഭവം.
രണ്ടുവാഹനങ്ങളിലായാണ് എം.പിമാരുടെ സംഘം സംഭലിലേക്ക് പുറപ്പെട്ടത്. ഡല്‍ഹിയോട് ചേര്‍ന്നുള്ള ഗാസിയാബാദില്‍ വെച്ച് തന്നെ എം.പിമാരെ യു.പി പൊലീസ് തടയുകയായിരുന്നു. ഇവിടെ നിന്ന് രണ്ട് ജില്ലകള്‍ കൂടി പിന്നിട്ട ശേഷമേ സംഭലിലെത്തൂ. സംഭലില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണിത്. ഗാസിയാബാദിലെ സജ്ജരാസി ടോള്‍ പ്ലാസയില്‍ വെച്ചാണ് എം.പിമാരെ പൊലീസ് തടഞ്ഞത്.
ഉത്തര്‍പ്രദേശിലേക്ക് പുറപ്പെടും മുമ്പ് ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ യാത്രാവിവരം ഉള്‍പ്പെടെ പങ്കുവച്ചിരുന്നു.
'മുസ്‌ലിം ലീഗിന്റെ അഞ്ച് എംപിമാര്‍ അടങ്ങുന്ന സംഘം ഡല്‍ഹിയില്‍നിന്നും ഉത്തര്‍പ്രദേശിലെ സംഭലിലേക്ക് പുറപ്പെടുകയാണ്. ഷാഹി മസ്ജിദ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പൊലീസ് വേട്ടയില്‍ ഇരയാക്കപ്പെട്ട മനുഷ്യരെയും നേരില്‍ കാണാനാണ് യാത്ര. യോഗി ആദിത്യനാഥിന്റെ പൊലിസ് ആ പ്രദേശത്തേക്ക് ജനപ്രതിനിധികള്‍ അടക്കമുള്ള ആരെയും കടത്തിവിടാതെ അവരുടെ ക്രൂരതകള്‍ മറച്ചുവെക്കാനുള്ള ശ്രമിത്തിലാണ്. അങ്ങോട്ട് കടന്നുചെല്ലാന്‍ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ'- എന്നായിരുന്നു പോസ്റ്റ്.
യു.പി പൊലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കത്തയച്ച ശേഷമായിരുന്നു യാത്ര. സംഘര്‍ഷ മേഖലയാണെന്നും അവിടേക്ക് പോകാന്‍ സാധ്യമല്ലെന്നും മുസ്ലിം ലീഗ് എം.പിമാരെ യു.പി പൊലീസ് അറിയിച്ചു. എന്നാല്‍, യാത്ര തുടരുകയാണെങ്കില്‍ തടങ്കലിലിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി എം.പിമാര്‍ പറഞ്ഞു.
A delegation of five IUML MPs is heading to Sambhal, UP, to meet the families of those killed in the Shahi Masjid shooting and victims of the police crackdown. The Yogi police’s attempt to block access and silence the truth will not deter us. We stand with the people.#Sambhal pic.twitter.com/mcqbT4uFSR
— E.T Muhammed Basheer (@BasheerEt) November 27, 2024
നേരത്തെ രാവിലെ സംഭല്‍ സ്ഥലം എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാഉര്‍റഹമാന്‍ ബര്‍ഖുമായി ഇടി മുഹമ്മദ് ബീഷീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെടുത്തി ബര്‍ഖിനെതിരെയും യു.പി പൊലിസ് കേസെടുത്തിട്ടുണ്ട്.
ഞായാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പില്‍ നഈം ഗാസി, ബിലാല്‍, നുഅ്മാന്‍, മുഹമ്മദ് കൈഫ്, അയാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ നാലുപേരുടെയും അരക്ക് മുകളിലാണ് ബുള്ളറ്റുകള്‍ തുളച്ചുകയറിയത്. പലര്‍ക്കും ഒന്നിലധികം തവണയാണ് വെടിയേറ്റത്. മിക്കവരുടെ നെഞ്ചിലാണ് വെടിയേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട അയാന്റെ പ്രായം 17 വയസ്സാണ്. നെഞ്ചിന്റെ വലതുഭാഗത്താണ് അയാന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കരളിലും ശ്വാസകോശത്തിലും ഹൃദയത്തിലും തുളച്ചുകയറിയ ബുള്ളറ്റ് പിന്‍വശത്തിലൂടെ പുറത്തേക്ക് പോയെന്നും ഡോക്ടര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.
സംഘര്‍ഷത്തില്‍ യു.പി സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി സംഭല്‍ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെന്‍സിയ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും രണ്ട് സ്ത്രീകളും പള്ളി കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുമുള്‍പ്പെടെ 25 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് പറഞ്ഞു. കണ്ടാലറിയുന്ന 2,750 പേര്‍ക്കെതിരെയും കേസെടുത്തു. സമാജ് വാദി പാര്‍ട്ടി നേതാവും സ്ഥലം എം.പിയുമായ സിയാഉദ്ദീന്‍ ബര്‍ഖിനെതിരേയും കേസുണ്ട്.
Muslim League MPs' group heading to Sambhal stopped, sent back
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."