മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്ന് മാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കമ്മീഷനായി നിയോഗിച്ചിട്ടുള്ളത്.
അവിടെ താമസിക്കുന്ന കൈവശ അവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല. തീരുമാനം വരുന്നതുവരെ തുടര്‍നടി സ്വീകരിക്കില്ലെന്ന് വഖഫ്‌ബോര്‍ഡ് ഉറപ്പുനല്‍കിയതായി മന്ത്രി പി.രാജീവ് വ്യക്തമാക്കി. ശാശ്വത പരിഹാരം കാണുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്താണ് മുനമ്പം വഖ്ഫ് ഭൂമി വിഷയം
എറണാകുളം ജില്ലയിലെ ചെറായി ബീച്ചിലെ മുനമ്പം എസ്റ്റേറ്റ് 404.76 ഏക്കര്‍ ഭൂമി കോഴിക്കോട് ഫറോക്ക് കോളജിന് വഖ്ഫായി ലഭിച്ചതാണ്. പറവൂര്‍ സ്വദേശി കച്ച് മേമന്‍ ഹാജി ഹാശിം സേട്ടു മകന്‍ തടിക്കച്ചവടം മുഹമ്മദ് സിദ്ദീഖ് സേട്ട് തന്റെ പിതാവിന്റെ സമ്മതത്തോടെ ചെറായി ബീച്ചിലെ തന്റെ അവകാശത്തിലും കൈവശത്തിലും പെട്ട 404. 76 ഏക്കര്‍ ഭൂമി ഫലഭൂവിഷ്ടമായ തെങ്ങിന്‍തോട്ടം 1950 നവംബര്‍ 12ന് വഖ്ഫ് ചെയ്യുകയായിരുന്നു. അതിലെ ആദായമെടുത്ത് കോളജിന്റെ നിത്യനിദാന ചെലവിന് ഉപയോഗിക്കാമെന്നുകൂടി എഴുതിച്ചേര്‍ത്തിട്ടുണ്ട്. തന്റെ സമീപത്തു തന്നെയുള്ള തോട്ടം വളര്‍ന്ന് വികസിച്ചുവരുന്നത് തനിക്കും കുടുംബത്തിനും നേരില്‍ കണ്ടുകൊണ്ടിരിക്കാമെന്ന ആശയവും മനസിലുണ്ടാകും. അന്നത്തെ ഫറോക്ക് കോളജ് കമ്മിറ്റി പ്രസിഡന്റ് ഖാന്‍ ബഹദൂര്‍ ഉണ്ണിക്കമ്മു സാഹിബുമായുള്ള യുഗത്തിന്റെ സാമീപ്യവും ഇതിനു സ്വാധീനം വരുത്തിയിട്ടുണ്ട്.
സ്ഥലത്തിന്റെ ആധാരം എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ആയിരത്തിത്തൊള്ളായിരത്തി അമ്പതാം ആണ്ട് നവംബര്‍ മാസം ഒന്നിന് ഇന്ത്യ ഗവണ്‍മെന്റ് സൊസൈറ്റി രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തു മദ്രാസ് സ്റ്റേഷനില്‍ മലബാര്‍ ജില്ല ഏറനാട് താലൂക്കില്‍ ഫറോക്ക് അംശം നല്ലൂര്‍ ദേശത്ത് ആഫീസ് സ്ഥാപിച്ച് പ്രവര്‍ത്തനം നടത്തിവരുന്ന ഫാറൂഖ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിക്കു വേണ്ടി ടി. കമ്മിറ്റിയുടെ ഇന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് അംശം ദേശത്ത് കല്ലടിയില്‍ മുസല്‍മാന്‍ മൊയ്തു സാഹിബ് മകന്‍ തടിക്കച്ചവടം 66 വയസ്സ് ഖാന്‍ ബഹദൂര്‍ പി.കെ ഉണ്ണിക്കമ്മു സാഹിബ് അവര്‍കളുടെ പേര്‍ക്ക് കൊച്ചി കണയത്തൂര്‍ താലൂക്ക് മട്ടാഞ്ചേരി വില്ലേജ് ബംബ്ലാശ്ശേരി ബംഗ്ലാവ് ഇരിക്കും കച്ചിമേമന്‍ മുസല്‍മാന്‍ ഹാജി ഹാഷിം സേട്ട് മകന്‍ മുഹമ്മദ് സിദ്ദീഖ് സേട്ട് എഴുതിക്കൊടുത്ത വഖ്ഫ് ആധാരം. അടുത്ത ഖണ്ഡികയില്‍ തന്റെയും കുടുംബത്തിന്റെയും പരലോകമോക്ഷത്തിന്നായി ഞാന്‍ വഖ്ഫ് ചെയ്യുന്നുവെന്ന് കൂട്ടിച്ചേര്‍ത്തതായി കാണാം. ഇവിടെ രണ്ടിടങ്ങളിലും വഖ്ഫാണ് എന്ന് വ്യക്തമാക്കുന്നു.
തുടര്‍ന്ന് 28–03–1951ന് 609ാം നമ്പറായി പട്ടയം സിദ്ധിക്കുന്നു. 23–11–1990ല്‍ കൈവശ സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. കോളജ് കമ്മിറ്റിയുടെ അനുവാദത്തോടെ 1950 മുതല്‍ 1990 വരെ കാര്യസ്ഥന്മാര്‍ മുഖേന വലിയ തോതില്‍ നാളികേരം ശേഖരിക്കുകയുണ്ടായി. പക്ഷേ, കമ്മിറ്റി ഭാരവാഹികള്‍ ആരും തന്നെ സ്ഥലം സന്ദര്‍ശിക്കയോ വേലികെട്ടി സംരക്ഷിക്കുകയോ ചെയ്തില്ല. അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് സംരക്ഷണം ഇല്ലാതിരുന്നപ്പോള്‍ പൊതുജനം പുറമ്പോക്കായി കണ്ട് ഇരുവശത്തും സമീപമുള്ള ഭൂമി പുറമ്പോക്കായി പലരും കൈവശപ്പെടുത്തിയ നിലയിലായിരുന്നു. കൈയേറ്റം സാവകാശം ഈ ഭൂമിയിലേക്കും അതിക്രമിച്ചതാണ്. അവിടവിടെയായി 114 ഏക്കര്‍ കൈയേറ്റത്തിന് വിധേയമായതില്‍ 53/67 നമ്പറില്‍ പറവൂര്‍ മുന്‍സിഫ് കോടതിയില്‍ നിന്നും തുടര്‍ന്ന് സബ് കോടതിയില്‍ നിന്നും വഖ്ഫാണെന്ന വാദത്തില്‍ അനുകൂല വിധി കോളജ് കമ്മിറ്റി സമ്പാദിച്ചിട്ടുണ്ട്. 2008ല്‍ വഖ്ഫിന്റെ ആളുകള്‍ കൊടുത്ത ഹൈക്കോടതി കേസിലും 447/09 നമ്പര്‍ കേസിലും ഹൈക്കോടതി സര്‍വേക്ക് ഉത്തരവാകുകയും ഇത് വഖ്ഫ് ഭൂമിയാണെന്ന് അന്തിമ വിധികള്‍ നല്‍കുകയും ചെയ്തു.
എന്നാല്‍, വേലിക്കെട്ടി അതിര് നിശ്ചയിക്കാത്തതിനാല്‍ വഖ്ഫ് ഭൂമിയിലും കൈയേറ്റം നടന്നു. കൂടാതെ, ഇവര്‍ ഭൂമി വില്‍പനയും തുടങ്ങി. ആദായ വിലക്ക് ലഭിച്ചതിനാല്‍ പലരും വാങ്ങി. തുടര്‍ന്ന് റിസോര്‍ട്ട് മാഫിയക്കാര്‍ നിസ്സാര വിലയ്ക്ക് നല്ലൊരു ഭാഗം സ്വന്തമാക്കി. ഇന്ന് 60ലധികം റിസോര്‍ട്ടുകള്‍ അവിടെ കാണാം. ഭൂമി കൈവശപ്പെടുത്തിയവരില്‍ വമ്പന്‍ ഭൂമാഫിയക്കാരുമുണ്ട്.
2008ല്‍ സച്ചാര്‍ കമ്മിറ്റി നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കണ്ടെത്തി നിജസ്ഥിതി റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയുടെ നിര്‍ദേശത്തില്‍ ഡി. ജഡ്ജ് നിസാറിനെ കമ്മിഷനായി വയ്ക്കുകയുണ്ടായി. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 15ാം ഖണ്ഡികയില്‍ ചെറായി മുനമ്പം ബീച്ചിലെ 404. 76 ഏക്കര്‍ ഭൂമി പൂര്‍ണ വഖ്ഫ് സ്വത്താണെന്നും ഫറോക്ക് കോളജിന് അവകാശപ്പെട്ടതാണെന്നും വ്യക്തമാക്കിയതാണ്. 2019മെയ് 20ന് വഖ്ഫ് ബോര്‍ഡിന്റെ ഫുള്‍കോറം ചേര്‍ന്ന് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഇതു വഖ്ഫ് ഭൂമിയാണെന്നും എത്രയും പെട്ടെന്ന് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്തു കരമടച്ച് സുരക്ഷിതമാക്കി നിലനിര്‍ത്തണമെന്നും സര്‍ക്കുലര്‍ നല്‍കിയിരുന്നു.
മുനമ്പം ബീച്ച് സംഭാവന ലഭിച്ചതോ?
മുഹമ്മദ് സിദ്ദീഖ് സേട്ട് വഖ്ഫ് ആധാരം മെനയുമ്പോള്‍ സൂക്ഷ്മതയ്ക്കായി ചില വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വച്ചിരുന്നു. ഭാവിയില്‍ കോളജ് കമ്മിറ്റിയില്‍ കലാപമുണ്ടാവുകയോ വിദ്യാഭ്യാസ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യുന്നപക്ഷം പവിത്രമായ വഖ്ഫ്‌സ്വത്ത് അന്ന് ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ ഏല്‍പ്പിക്കേണ്ടതാണ്. പള്ളിപോലെ ദീനീസ്ഥാപനമല്ലാത്തതിനാല്‍ ഇത്തരം സൂക്ഷ്മനിരീക്ഷണം ആവശ്യമായിരുന്നു. ഈ വാക്കുകള്‍ ദുരുപയോഗം ചെയ്തു വഖ്ഫ്‌സ്വത്തല്ല എന്ന അഭിനവ സമുദായസംരക്ഷകരുടെ ദുര്‍വാദം സത്യത്തില്‍ നിന്നുമുള്ള ഒഴിഞ്ഞുമാറ്റം ഒന്നു മാത്രമാണ്. വഖ്ഫിന്റെ നോക്കിനടത്തിപ്പ് കാര്യങ്ങള്‍ കുടുംബം നോക്കി കൊള്ളാമെന്ന അര്‍ഥത്തിലാണ് മേല്‍വാചകം ചേര്‍ത്തിയിട്ടുള്ളത്.
അനുബന്ധരേഖകളും കോടതി വിധികളും കലക്ടര്‍ തീരുമാനവും കസ്റ്റോഡിയനായ വഖ്ഫ് ബോര്‍ഡ് നടപടിയും ഉറക്കെ പ്രഖ്യാപിക്കുന്നത് ഇതു പവിത്രമായ വഖ്ഫ് ഭൂമിയാണെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമാണ്. ഈ വസ്തുതകള്‍ നിരത്തി എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വഖ്ഫ് സംരക്ഷമസമിതിയുമായി സഹകരിച്ച് അഖില കേരള വഖ്ഫ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചതില്‍ W.P (C) 10053/22 നമ്പറില്‍ ഇടക്കാല സ്റ്റേയും രേഖകളും മുന്‍വിധികളുമെല്ലാം പരിശോധിച്ച് W.P.(C) 360/63/22 നമ്പറില്‍ ശാശ്വത സ്റ്റേയും വന്നിരിക്കുകയാണ്. ഭൂനികുതി, ബില്‍ഡിങ് ടാക്‌സ്, പട്ടയവകാശങ്ങള്‍ നിഷേധിച്ചതോടൊപ്പം വഖ്ഫ് ഭൂമിയില്‍ അനധികൃത നിര്‍മാണവും നിരോധിച്ചതാണ്.
ഈ വിഷയത്തില്‍ പുണ്യഭൂമി തിരിച്ചുകിട്ടുന്നതിനായി വാഖിഫിന്റെ ജ്യേഷ്ഠപുത്രന്‍ ഇര്‍ഷാദ് സേട്ട്, മകന്‍ നസീര്‍ സേട്ട്, മകള്‍ ഖദീജഭായ് എന്നിവര്‍ കൊടുത്ത കേസുകളും നിലവിലുണ്ട്. യഥാര്‍ഥ വസ്തുതകള്‍ ഇങ്ങനെയിരിക്കെ പാര്‍ലമെന്റില്‍ വന്ന പുതിയ വഖ്ഫ് സംഹാരബില്‍ മുന്‍നിര്‍ത്തി ചിലര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."