കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്
ലഹ്‌ലി: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ ഹരിയാന താരം അൻഷുൽ കംബോജിന് പത്ത് വിക്കറ്റ്. ആദ്യം ബാറ്റു ചെയ്ത കേരളത്തിന്റെ പത്തു വിക്കറും കംബോജായിരുന്നു നേടിയത്. പത്ത് വിക്കറ്റിൽ മൂന്നാം ബൗൾഡായിരുന്നു. 30.1 ഓവറിൽ ഒൻപത് മീഡിയൻ ഓവറുകൾ ഉൾപ്പെടെ 49 റൺസ് വഴങ്ങിയാണ് കംബോജ് പത്ത് വിക്കറ്റ് വീഴ്ത്തിയത്.
കേരളം ഉയർത്തിയ 291 റൺസിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹരിയാന ബാറ്റിങ് തകർച്ച നേരിട്ടിരിക്കുകയാണിപ്പോൾ. ഹരിയാനയുടെ ഹോം ഗ്രൗണ്ടിൽ കേരളത്തിന്റെ ബൗളർമാർ പ്രതിരോധം തീർത്തപ്പോൾ നൂറ് റൺസ് തികയ്ക്കും മുമ്പ് ഹരിയാനയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം വെളിച്ചക്കുറവ് കാരണം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെന്ന നിലയിലാണ് ഹരിയാന. നിധീഷ് എംഡിയാണ് ഹരിയാനയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന് മേൽക്കൈ നൽകിയത്. കേരളത്തിന്റെ ബൗളർമാർ പിടിമുറുക്കിയപ്പോൾ ഒന്നാം ഇന്നിങ്‌സിൽ ലീഡിനായുള്ള പോരാട്ടമാണ് ചൗധരി ബൻസിലാൽ സ്‌റ്റേഡിയത്തിൽ നടക്കുന്നത്.
ഹരിയാനയുടെ സ്‌കോർ 38 ൽ എത്തിയപ്പോൾ ഓപ്പണർ യുവരാജ് സിംഗിനെ(20) പുറത്താക്കി ബേസിൽ എൻ.പിയാണ് ആദ്യ പ്രഹരം നൽകിയത്. തുടർന്ന് പത്ത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബേസിൽ തമ്പി ലക്ഷ്യ സുമന്റെ(21) വിക്കറ്റും വീഴ്ത്തി ഹരിയാനയ്ക്ക് തിരിച്ചടി നൽകി. ക്യാപ്റ്റൻ അങ്കിത് കുമാറും എച്ച്.ജെ റാണയും ചേർന്ന് ചെറുത്ത് നിൽപ്പിന് ശ്രമിച്ചെങ്കിലും സ്‌കോർ 80 ൽ എത്തിയപ്പോൾ സൽമാൻ നിസാർ റാണയെ(17) റൺ ഔട്ടാക്കി കേരളത്തിൽ മേൽക്കൈ നൽകി.
പിന്നീട് എത്തിയ ധീരു സിംഗിനും കേരളത്തിന്റെ ബൗളർമാർക്ക് മുമ്പിൽ പിടിച്ചുനിൽക്കാനായില്ല. അധികം വൈകാതെ ക്യാപ്റ്റൻ അൻകിത് കുമാറിനെയും ഷോൺ റോജറിന്റെ കൈകളിലെത്തിച്ച് നിധീഷ് തന്നെ പുറത്താക്കി. ഇതോടെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലേക്ക് ഹരിയാന കൂപ്പുകുത്തുകയായിരുന്നു.
പിന്നീട് നിശാന്ത് സിന്ധു കപിൽ ഹൂഡ സഖ്യം 30 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്‌കോർ 125 ൽ എത്തിയപ്പോൾ ജലജ് സക്‌സേന ഹൂഡയുടെ വിക്കറ്റെടുത്തതോടെ ഹരിയാന പരുങ്ങലിലായി.കേരളത്തിനായി നിധീഷ് മൂന്നും ബേസിൽ തമ്പി, സക്‌സേന, ബേസിൽ എൻ.പി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."