'ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നു'; അജിത് പവാർ
മുംബൈ: 2019-ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം എൻസിപി-എസ്‌പി നേതാവ് ശരദ് പവാർ ബിജെപിയുമായി സഖ്യചർച്ച നടത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ. വ്യവസായി ഗൗതം അദാനിയുടെ മധ്യസ്‌ഥതയിലാണ് ചർച്ചകൾ നടത്തിയതെന്നും ഒരു ദേശീയ വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ അജിത് പവാർ പറഞ്ഞു. നവംബർ 20ന് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അജിത് പവാറിന്റെ പുതിയ വെളിപ്പെടുത്തൽ.
സഖ്യചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാർ, പ്രഫുൽ പട്ടേൽ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി ബിജെപിയിലെയും എൻസിപിയിലെയും മുതിർന്ന നേതാക്കളാണ് പങ്കെടുത്തത്. 5 തവണയാണ് ചർച്ച നടന്നത്. അമിത് ഷായും ശരദ് പവാറും തമ്മിൽ രഹസ്യ കൂടിക്കാഴ്ചയും നടത്തിയിരുന്നു.
2019 നവംബറിൽ ഡൽഹിയിലെ ഒരു വ്യവസായിയുടെ വീട്ടിൽവച്ചായിരുന്നു ചർച്ചകൾ നടത്തിയത്. അതേക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാം തീരുമാനിക്കപ്പെട്ടിരുന്നു. എന്നാൽ അവസാനം പഴിയെല്ലാം എന്റെ പേരിലായി. മറ്റുള്ളവർ എല്ലാം സുരക്ഷിതരായി ഇരിക്കുന്നു. എന്തുകൊണ്ടാണ് ശരദ് പവാർ ബിജെപിക്കൊപ്പം പോകാഞ്ഞത് എന്നറിയില്ല. അദ്ദേഹത്തിൻ്റെ മനസിലെന്താണെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കോ സുപ്രിയ സുലെയ്ക്കോ പോലും അറിയില്ല -അജിത് പവാർ പറഞ്ഞു. മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള സഖ്യത്തിൽനിന്നു ശിവസേന പിന്മാറിയതിനു പിന്നാലെയാണ് എൻസിപി പിളർത്തി ബിജെപിക്കൊപ്പം ചേരാൻ അജിത് പവാർ ശ്രമം നടത്താൻ തുടങ്ങിയത്. 2023 ജൂലൈയിൽ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി ബിജെപിക്കും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഒപ്പം മഹായുതി സഖ്യത്തിലും ചേർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."