ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി, 2025 മുതല്‍ നിരോധനം നടപ്പാക്കും
ജനീവ: ബുര്‍ഖ നിരോധനം നടപ്പിലാക്കാനൊരുങ്ങി സ്വിറ്റ്‌സര്‍ലന്‍ഡ്. 2025 ജനുവരി 1 മുതല്‍ നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതോടെ ബുര്‍ഖയും നിഖാബും പോലുള്ള മുഖാവരണങ്ങള്‍ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പെടും.
ദേശീയ സുരക്ഷ, സാമൂഹിക ഐക്യം തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിയമം ലംഘിക്കുന്നവര്‍ 1,000 സ്വിസ് ഫ്രാങ്ക് വരെ പിഴ നല്‍കേണ്ടിവരും.
2021ല്‍ രാജ്യവ്യാപകമായി നടന്ന ഹിതപരിശോധനയെ തുടര്‍ന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കം ആരംഭിച്ചത്. മുസ്‌ലിം സംഘടനകളില്‍ നിന്നും സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും ശക്തമായ വിമര്‍ശനം നേരിട്ടെങ്കിലും 51 ശതമാനം വോട്ടര്‍മാരും നിരോധനത്തെ പിന്തുണയ്ക്കുകയായിരുന്നു.
അതേസമയം, വിമാനങ്ങള്‍, നയതന്ത്ര പരിസരങ്ങള്‍, ആരാധനാലയങ്ങള്‍, അപകടകരമായ സാഹചര്യങ്ങളാലോ കാലാവസ്ഥാ വ്യതിയാനത്താലോ മുഖം മറയ്‌ക്കേണ്ട സാഹചര്യങ്ങള്‍, പരമ്പരാഗത ആചാരങ്ങള്‍, കലാപരമായ പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍ അല്ലെങ്കില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയ പ്രത്യേക സന്ദര്‍ഭങ്ങളില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കും.
സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി രാജ്യങ്ങള്‍ ഇതിനകം ബുര്‍ഖ നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍ 16 രാജ്യങ്ങളാണ് നിരോധനം നടപ്പിലാക്കിയിട്ടുള്ളത്. ടുണീഷ്യ, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ബള്‍ഗേറിയ, കാമറൂണ്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോണ്‍, നെതര്‍ലാന്‍ഡ്‌സ്, ചൈന, മൊറോക്കോ, ശ്രീലങ്ക തുടങ്ങിയ രജ്യങ്ങളിലാണ് ഇതിനകം ബുര്‍ഖ നിരോധനം നടപ്പിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."