വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍
കല്‍പ്പറ്റ / തൃശൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട്ടില്‍ കൊട്ടിക്കലാശം 'മാസ്'ആക്കാനുള്ള അവസനാവട്ട ഒരുക്കങ്ങളിലാണ് മുന്നണികള്‍.
ഇന്ന് രാവിലെ മുന്‍ എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയും സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ് ഷോ നടത്തും. വൈകീട്ട് മൂന്നിന് തിരുവമ്പാടി മണ്ഡലത്തിലും ഇരുവരും റോഡ് ഷോയില്‍ പങ്കെടുക്കും. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം ദേശീയ വിഷയങ്ങളും ഉയര്‍ത്തിയായിരുന്നു വയനാട്ടില്‍ മുന്നണികളുടെ പ്രചാരണം. ദേശീയ, സംസ്ഥാന നേതാക്കളും പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെത്തി. താരപ്രചാരകരെ കാര്യമായി ഇറക്കാതെ ഇടത് വോട്ടുകള്‍ ഉറപ്പിക്കാനുള്ള പ്രചാരണ വഴികളാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി നടത്തിയത്. എന്‍.ഡി.എ സ്ഥാനര്‍ഥിയായി നവ്യഹരിദാസും രംഗത്തുണ്ട്.
ഒരുമാസമായി നടക്കുന്ന പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ ചേലക്കര ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമാണ്. യു.ഡി.എഫിലെ രമ്യഹരിദാസ് അവസാനറൗണ്ടിലെത്തുമ്പോള്‍ വന്‍ മുന്നേറ്റമുണ്ടാക്കിയെന്നാണ് യു.ഡി.എഫ് അവകാശവാദം. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മണ്ഡലം ഇടതുമുന്നണിയിലെ യു.ആര്‍ പ്രദീപ് നിലനിര്‍ത്തുമെന്ന് സി.പി.എം ഉറപ്പിച്ചുപറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണനാണ്. ഡി.എം.കെ ബാനറില്‍ എന്‍.കെ സുധീറും രംഗത്തുണ്ട്. നാളത്തെ നിശബ്ദ പ്രചാരത്തിന് ശേഷം 13 ആണ് വോട്ടെടുപ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് 20 ന് ആണ് വോട്ടെടുപ്പ്. പ്രചാരണ കൊട്ടിക്കലാശം 18 ന്. മൂന്നിടത്തും വോട്ടെണ്ണല്‍ 23 ന് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."