വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്
പാലക്കാട്: പത്തനംതിട്ട സി.പി.എം ഫേസ്ബുക്ക് പേജിൽ പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണ വിഡിയോ പ്രത്യക്ഷപ്പെട്ടത് പ്രചാരണായുധമാക്കി യു.ഡി.എഫ്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം വിഡിയോ സി.പി.എം എഫ്.ബി പേജിൽ പങ്കുവച്ചത്.
അബദ്ധം മനസിലായതോടെ രാത്രി തന്നെ വിഡിയോ ഒഴിവാക്കിയെങ്കിലും 'വീണുകിട്ടിയ വിഡിയോ' പ്രചാരണായുധമാക്കിയിരിക്കുകയാണ് യു.ഡി.എഫ് പ്രവർത്തകർ. വിഡിയോ സ്ക്രീൻ റെക്കോഡുകളും എഫ്.ബി പേജിൻ്റെ സ്ക്രീൻ ഷോട്ടും സമൂഹ മാധ്യമങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും യു.ഡി.എഫ് പരമാവധി ഉപയോഗിക്കുന്നുണ്ട്. പത്തനംതിട്ടയിൽ മാത്രമല്ല ,പാലക്കാട്ടും സി.പി.എം പ്രവർത്തകർ തൻ്റെ വിജയം ആഗ്രഹിക്കുന്നുണ്ടെന്നാണ് വിഡിയോയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്.
63,000 ഫോളോവേഴ്സുള്ള പേജ് വിവാദം സൃഷ്ടിക്കാനായി ഹാക്ക് ചെയ്ത് മനഃപൂർവം വീഡിയോ പോസ്റ്റ് ചെയ്ത ശേഷം അതിന്റെ സ്ക്രീൻ റെക്കോർഡിങ്ങെടുത്ത് ആരോ മാധ്യമങ്ങൾക്ക് കൈമാറിയെന്നാണ് സി.പി.എം പത്തതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു സംഭവവുമായി ബന്ധപ്പെട്ട് പറഞ്ഞത്.
പിന്നീട് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് മാറ്റിപ്പറഞ്ഞും മറ്റും വിവാദത്തിൽനിന്ന് രക്ഷപ്പെടാൻ സി.പി.എം ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ നീങ്ങുന്നത് യു.ഡി.എഫിന് അനുകൂലമായാണ്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമുൾപ്പടെയുള്ള അഡ്മിൻ പാനൽ നിയന്ത്രിക്കുന്ന പേജിൽ എതിർ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാണ വിഡിയോ പങ്കുവച്ചത് ഇടത് സ്ഥാനാർഥിയോടുള്ള കടുത്ത എതിർപ്പാണ് പ്രകടമാക്കുന്നതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.
കോൺഗ്രസുകാരനായിരുന്ന പി. സരിനെ സ്ഥാനാർഥിയാക്കിയതിൽ സി.പി.എമ്മിനകത്ത് ഒരു വിഭാഗത്തിന് കടുത്ത അസംതൃപ്തിയുണ്ട്. തിരുവനന്തപുരം ജില്ലയിലെ ലോക്കൽ സമ്മേളനങ്ങളിൽ പരസ്യമായി ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പാലക്കാട്ടെ പഴയ വി.എസ് പക്ഷവും സമാന നിലപാടുള്ളവരാണ്. ഈ അസംതൃപ്തിക്കിടയിലാണ് എഫ്.ബി പേജിൽ വിഡിയോ പ്രത്യക്ഷപ്പെടുന്നതെന്നതും യു.ഡി.എഫിന് പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."