അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്
കണ്ണൂര്‍: പി.പി ദിവ്യയ്ക്ക് കേസിന്റെ തുടക്കം മുതല്‍ റിമാന്‍ഡിലാകുന്നതുവരെ കണ്ണൂരിലെ പൊലിസ് നല്‍കിയത് 'കടലോളം കരുതല്‍'. നവീന്‍ബാബു ജീവനൊടുക്കിയതിന് രണ്ടാഴ്ചയ്ക്കു ശേഷം കോടതി ജാമ്യം നിഷേധിച്ചതിനാല്‍ മാത്രമാണ് ഗത്യന്തരമില്ലാതെ ദിവ്യ കീഴടങ്ങിയതും പിന്നാലെ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയതും.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിനു പിന്നാലെ പൊലിസ് ഉത്സാഹിച്ചിരുന്നെങ്കില്‍ മണിക്കൂറുകള്‍ക്കകം ദിവ്യയെ പിടികൂടാമായിരുന്നു. കേസിന്റെ തുടക്കത്തില്‍ ദിവ്യ ഇരിണാവിലെ വീട്ടില്‍ തന്നെയുണ്ടായിരുന്നുവെന്നാണ് വിവരം. ദിവ്യയ്‌ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന് ഭര്‍ത്താവ് പി.വി അജിത്ത് പരാതി നല്‍കിയ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ്, ദിവ്യ എവിടെയുണ്ടെന്നതുള്‍പ്പെടെ അന്വേഷിക്കാന്‍ മിനക്കെട്ടില്ല.
രക്തസമ്മര്‍ദം കൂടി പയ്യന്നൂരിലെ ആശുപത്രിയിലുണ്ടെന്ന വിവരം ലഭിച്ചിട്ടും അത്തരമൊരന്വേഷണത്തിനും പൊലിസ് തുനിഞ്ഞില്ല. ഇന്നലെ ദിവ്യയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കമ്മിഷണര്‍ നടത്തിയ പ്രതികരണത്തിലും ദിവ്യയോടുള്ള കരുതല്‍ വ്യക്തം. ഇത്രനാളും ദിവ്യ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നെന്നും കോടതിയുടെ പരിഗണനയിലുള്ള കോസായതിനാലാണ് പിടികൂടാതിരുന്നതെന്നുമായിരുന്നു കമ്മിഷണര്‍ അജിത്കുമാറിന്റെ ബാലിശവാദം.
പൊലിസുമായുണ്ടാക്കിയ ധാരണപ്രകാരമാണ് ഇന്നലെ ഉച്ചയ്ക്ക് 2.55ന് രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ഇരിണാവിലെ വീടിനു സമീപം കണ്ണപുരത്തുവച്ച് ദിവ്യ കീഴടങ്ങിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ പ്രാഥമിക ചോദ്യം ചെയ്യലിനെത്തിക്കുമ്പോഴും ദിവ്യയെ മാധ്യമങ്ങളില്‍നിന്നു മറച്ചുപിടിക്കാന്‍ ഒട്ടേറെ നാടകങ്ങളാണ് പൊലിസ് കളിച്ചത്.
ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കും ദിവ്യയെ കൊണ്ടുപോകുമ്പോഴും പൊലിസിന്റെ കരുതലും ചേര്‍ത്തുപിടിക്കലും നാട് കാണുന്നുണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെ വസതിക്കുമുന്നിൽ പാർട്ടി അഭിഭാഷകനായ കെ.വിശ്വൻ ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി, വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ എന്നിവരും നിരവധി പാർട്ടി പ്രവർത്തകരും പിന്തുണയുമായെത്തിയതും ദിവ്യയ്ക്ക് കരുത്താകുന്നു. പാർട്ടി ദിവ്യയെ തള്ളിപ്പറയുമ്പോഴാണ് ദിവ്യയ്ക്ക് ഐക്യദാർഢ്യവുമായി നേതാക്കളും പ്രവർത്തകരും പരസ്യമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."