രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'
പാലക്കാട്: ത്രികോണ മത്സരത്തിന് വേദിയായ പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മണ്ഡലത്തിൽ ക്യാംപ് ചെയ്യുന്നത് യുവനേതാക്കളുടെ നീണ്ടനിര. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിനും എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിനും വേണ്ടി ഇതുവരെ കളത്തിലിറക്കിയവരെല്ലാം മുതിർന്ന നേതാക്കൾ. മൂന്ന് മുന്നണികളും യുവ നേതാക്കളെയാണ് കളത്തിലിറക്കിയിരിക്കുന്നതെങ്കിലും പ്രചാരണ വേദികളിൽ ഏറെ യുവസാന്നിധ്യമുള്ളത് യു.ഡി.എഫ് സ്ഥാനാർഥി രാഹുലിനൊപ്പമാണ്.
ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വലിയൊരു നിര തന്നെ ദിവസങ്ങളായി പാലക്കാട്ട് ക്യാംപ് ചെയ്യുന്നുണ്ട്. കോൺഗ്രസിലെ യുവ മുഖങ്ങളായ വി.ടി ബൽറാം, അബിൻ വർക്കി, ജനീഷ്, ജോമോൻ, വിനോദ്, ജെബി മേത്തർ, റിജിൽ മാക്കുറ്റി, മുസ് ലിംലീഗിലെ യുവ നേതാക്കളായ പി.കെ ഫിറോസ്, നവാസ് എന്നിവരെല്ലാം പാലക്കാട്ട് ക്യാംപ് ചെയ്ത് രാഹുലിനോടൊപ്പം വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർഥിക്കുന്നുണ്ട്.
ഇവർക്കുപുറമെ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ ഭാനു ചിബ്, ചാണ്ടി ഉമ്മൻ എം.എൽ.എ, പി.സി വിഷ്ണുനാഥ് എം.എൽ.എ, ശബരീനാഥ് തുടങ്ങിയ യുവ നേതാക്കളും വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുത്തുവരുന്നു. സാദിഖലി ശിഹാബ് തങ്ങൾ, കെ.സി വേണുഗോപാൽ എം.പി, കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി യു.ഡി.എഫിലെ മുതിർന്ന നേതാക്കളും കൺവൻഷനുകളിലും മറ്റു സമ്മേളനങ്ങളിലും സാന്നിധ്യമറിയിക്കുന്നുണ്ട്.
ഇടത് സ്ഥാനാർഥി പി. സരിൻ വോട്ടർമാരെ നേരിൽക്കാണുന്നത് മുതിർന്ന നേതാക്കളുടെ അസാന്നിധ്യത്തിലാണ്. അതാത് പ്രദേശങ്ങളിലെ സി.പി.എം പ്രാദേശിക നേതാക്കളാണ് സരിനൊപ്പമുള്ളത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കളുടെ വലിയൊരു പട്ടിക തന്നെ സി.പി.എം സംസ്ഥാന നേതൃത്വം തയാറാക്കിയിട്ടുണ്ടെങ്കിലും ഇവരിൽ പല നേതാക്കളും ഇതുവരെയും പാലക്കാട്ടെത്തിയിട്ടില്ല. പ്രത്യേകിച്ച് സി.പി.എമ്മിലെ യുവനിര.
സംസ്ഥാനത്തെ ഇടതുപക്ഷ യുവ നേതാവെന്ന നിലയിൽ ആർഷോ മാത്രമാണ് സരിനൊപ്പം ചില ദിവസങ്ങളിൽ ഉണ്ടായിരുന്നത്. വരുംദിവസങ്ങളിൽ മന്ത്രിമാരുൾപ്പെടെ സി.പി.എം സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കളെല്ലാം പാലക്കാട്ട് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുമെന്നാണ് എൽ.ഡി.എഫ് നേതൃത്വത്തിന്റെ വിശദീകരണം. പാർട്ടിയിലെ യുവമുഖമായ എം. സ്വരാജ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പറയുന്നു.
എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ കുടുംബ സംഗമങ്ങളിലാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഈ യോഗങ്ങളിൽ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളെ എത്തിച്ചാണ് പ്രചാരണം കൊഴുപ്പിക്കാൻ ശ്രമിക്കുന്നത്. ബി.ജെ.പിക്കയ്കത്തെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ ചർച്ചയാകാതിരിക്കാൻ ശോഭ സുരേന്ദ്രനെ പരമാവധി വേദികളിലെത്തിക്കാനും നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."