വിമാനസര്‍വീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യമാക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും നിസ്സാരമായി കാണുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുമെന്നും നേരിടാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റു മന്ത്രാലയങ്ങളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ നൂറിലേറെ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.
വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. വ്യാജ ബോംബ് ഭീഷണികള്‍ക്ക് പിന്നിലുള്ളവര്‍ക്ക് വിമാനയാത്ര വിലക്കേര്‍പ്പെടുത്തും. ജയില്‍ ശിക്ഷയും പിഴയും ഏര്‍പ്പെടുത്തും. ഭീഷണികളില്‍ അന്വേഷണം വേഗത്തിലാക്കും. ഗൂഢാലോചനയും അന്വേഷിക്കും. സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും ഇതുസംബന്ധിച്ച് എല്ലാ എയര്‍ലൈന്‍ കമ്പനികളുടെയും നിര്‍ദ്ദേശം കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനക്കമ്പനികളുമായി നിരവധി മീറ്റിങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ക്കും യാത്രക്കാര്‍ക്കും ഉണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന സുരക്ഷാചട്ടത്തിലും 1982 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."